റോഡുകളിലെ ഗതാഗത കുരുക്കുകളും യാത്രാ താമസവും ഒഴിവാക്കുവാൻ മോട്ടോർവേകളിലേയും ഡ്യുവൽ കാര്യേജ് വേകളിലേയും വേഗതാ പരിധി വർദ്ധിപ്പിക്കണമെന്ന് ആവശ്യം. മോട്ടോർവേകളിൽ വേഗതാ പരിധി മണിക്കൂറിൽ 100 മൈലും, ഡ്യുവൽ ഹൈവേകളിൽ മണിക്കൂറിൽ 80 മൈലും ആയി വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. നിലവിലെ വേഗതാ പരിധി നിശ്ചയിച്ചിട്ടുള്ളത് 60 വർഷങ്ങൾക്ക് മുൻപാണ്.
-------------------aud--------------------------------
ജനുവരിയിൽ ആയിരുന്നു ഈ ഓൺലൈൻ പരാതി ആദ്യമായി എത്തിയത്. നൂറുകണക്കിന് വാഹനമുടമകളാണ് ഇതിനോടകം തന്നെ ഇതിൽ ഒപ്പിട്ടിരിക്കുന്നത്. നിലവിലെ വേഗതാ പരിധി, നീതീകരിക്കാൻ കഴിയാത്തതാണെന്നാണ് പരാതിക്ക് രൂപം നൽകിയ എലൂസി മാരി ഔൾഡ് പറയുന്നത്. 58 വർഷങ്ങൾക്ക് മുൻപാണ് മണിക്കൂറിൽ 70 മൈൽ എന്ന പരിധി നിശ്ചയിച്ചത്. എന്നാൽ, ആധുനിക വാഹനങ്ങൾക്ക് വളരെയധികം മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. മാത്രമല്ല, വളരെ പെട്ടെന്ന് തന്നെ നിർത്താൻ കഴിയുന്ന മെച്ചപ്പെട്ട ബ്രേക്കിംഗ് സംവിധാനങ്ങളും ഉണ്ട് എന്ന് എലൂസി ചൂണ്ടിക്കാണിക്കുന്നു.
കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ തുടങ്ങിയാൽ അത് ചരക്കു ഗതാഗതത്തെയും സുഗമമാക്കും അതുവഴി വിതരണ ശൃംഖലയിലുള്ള പ്രശ്‌നങ്ങൾക്ക് വലിയൊരു അളവിൽ പരിഹാരം കാണാനുമാകുമെന്നും എലൂസി പറയുന്നു. ആധുനിക വാഹനങ്ങളിലെ ക്രൂയിസ് കൺട്രോൾ, കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം എന്നിവയ്ക്ക് വലിയൊരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാനും കഴിയും. മാത്രമല്ല, ഗതാഗതം സുഗമമാകുന്നതോടേ ഗതാഗത കുരുക്കുകളും കാലതാമസവും ഒഴിവാക്കാൻ കഴിയും.
എങ്കിലും ഒരു വിഭാഗം ആളുകൾ ഈ പരാതിയെ സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കുകയാണ്. 100 മൈൽ വേഗതയിൽ കാർ എങ്ങനെ പെട്ടെന്ന് നിർത്താൻ കഴിയുമെന്നാണ് ആലോചിക്കുന്നത് എന്നായിരുന്നു പരാതി പങ്കുവച്ചുകൊണ്ട് ഒരാൾ ചോദിച്ചത്. കാറിന് 100 മൈൽ വേഗതയിൽ എത്താൻ കഴിയില്ലെന്ന് മറ്റൊരാൾ പറയുന്നു. 2024 ജൂൺ 13 വരെയാണ് പരാതിയിൽ ഒപ്പിടാനുള്ള സമയം. 10,000 ഒപ്പുകൾ ശേഖരിക്കാൻ ആയാൽ, ഈ വിഷയത്തിൽ സർക്കാരിന് നിലപാട് വ്യക്തമാക്കേണ്ടി വരും.
© Copyright 2023. All Rights Reserved