ന്യൂയോർക്ക് ഇന്ന് നടത്താനിരുന്ന ആക്സിയം 4 വിക്ഷേപണം മാറ്റിവച്ചതായി വിവരം. നാളെ വൈകിട്ട് 5.30 ന് ആയിരിക്കും ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര. കാലാവസ്ഥ സാഹചര്യം കണക്കിലെടുത്താണു ബഹിരാകാശ യാത്ര മാറ്റിവച്ചത്. ഇന്ന് വൈകിട്ട് 5.22നായിരുന്നു വിക്ഷേപം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് വിക്ഷേപണം മാറ്റിവയ്ക്കുന്നത്.
14 ദിവസമായിരിക്കും ശുഭാംശുവും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടുക. പ്രമേഹബാധിതർക്കു ബഹിരാകാശം സന്ദർശിക്കാൻ അവസരമൊരുക്കുന്നതിനുള്ള ഗവേഷണങ്ങളും ഇതിൽപ്പെടും. നിലവിൽ പ്രമേഹബാധിതർക്ക് ബഹിരാകാശയാത്രയ്ക്കു വിലക്കുണ്ട്. പ്രമേഹം ബഹിരാകാശത്തു നിയന്ത്രിക്കാൻ പാടാണെന്നതാണു കാരണം.
പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്സനാണു യാത്രയുടെ കമാൻഡർ. സ്ലാവോസ് വിനീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നീ 2 യാത്രികരും ഒപ്പമുണ്ട്. ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved