വിദേശ ഇന്ത്യക്കാരായ മാതാപിതാക്കളിൽ ഒരാൾ വിദേശ പൗരത്വമെടുത്താൽ അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഇന്ത്യൻ പൗരത്വമുണ്ടാവില്ലെന്ന നിയമം കർശനമാക്കി. ഇതോടെ വിദേശങ്ങളിലുള്ള പലർക്കും അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഇന്ത്യൻ പൗരത്വം നഷ്ട്‌ടപ്പെടും. 5 വർഷത്തേക്കാണ് മൈനറായ കുട്ടികൾക്കു പാസ്പോർട്ട് നൽകുന്നത്.
അനേകായിരം പ്രവാസി കുടുംബങ്ങളിൽ ആശങ്കകളുടെയും അസ്വസ്ഥതകളുടെയും കനൽ കോരിയിട്ടാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം എത്തിയിക്കുന്നത്. ഇത് ഉദ്യോഗസ്ഥ തലത്തിൽ എടുത്തതാണോ അതോ മന്ത്രി തല തീരുമാനം ആണോ എന്ന വ്യക്തത വന്നിട്ടില്ലെങ്കിലും വിദേശ പൗരത്വം എടുത്തതിനെ തുടർന്ന് ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്യാൻ ശ്രമിക്കുന്നവർക്ക് അപേക്ഷകളുടെ വിശദംശങ്ങളിലേക്ക് കടക്കും മുൻപേ കൂടെ താമസിക്കുന്ന മൈനറായ കുട്ടി ഇന്ത്യൻ പാസ്‌പോർട്ട് ഉടമ ആണെങ്കിൽ കുട്ടിയുടെ പാസ്പോർട്ടും അമ്മയുടേയോ അച്ഛന്റെയോ പാസ്‌പോർട്ടിനൊപ്പം ഇല്ലാതാകും എന്ന ഓട്ടോമേറ്റഡ് സന്ദേശമാണ് ലഭിക്കുന്നത്. ഇതേതുടർന്ന് സറണ്ടർ ചെയ്യേണ്ട പാസ്പോർട്ടും വേണ്ടെന്നു വയ്ക്കാൻ തീരുമാനിക്കുകയാണ് ഉടൻ യാത്രകൾ പ്ലാൻ ചെയ്തിട്ടുള്ള അനേകം ആളുകൾ. മാതാപിതാക്കളിൽ ഒരാൾ മാത്രം വിദേശ പാസ്‌പോർട്ട് കൈക്കലാക്കുന്നു പതിവ് അനേകം ഇന്ത്യൻ വംശജരായ പ്രവാസി കുടുംബങ്ങൾ പിന്തുടരുന്ന രീതിയാണ്. ഇവരുടെ കുട്ടികൾ മൈനർ ആണെങ്കിൽ സ്വാഭാവികമായി ഇന്ത്യൻ പാസ്‌പോർട്ട് നഷ്ടമാകും എന്നാണ് പുതിയ സർക്കാർ ഉത്തരവ് പറയുന്നത്.
ഈ വ്യവസ്‌ഥ രണ്ടാഴ്‌ച മുൻപാണ് കർശനമാക്കിയതെന്നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മുഖേന ലഭിച്ച വിവരം. ലണ്ടനിൽ സ്ഥിരതാമസക്കാരായ ഒരു മലയാളി കുടുംബം ഇളയ കുട്ടിയുടെ പാസ്പോർട്ട് പുതുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്. കുട്ടിയുടെ മാതാവ് അടുത്തിടെ ബ്രിട്ടിഷ് പൗരത്വമെടുത്തിരുന്നു. ഓവർസീസ് ഇന്ത്യൻ സിറ്റിസൻ കാർഡുമുണ്ട്. നിയമം കർശനമാക്കിയതായി വിദേശകാര്യമന്ത്രാലയവും ശരിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വം സംബന്ധിച്ച നിയമങ്ങൾ കാലാകാലം പുതുക്കുന്നത്. ഇതു സംബന്ധിച്ച നോട്ടിസ് ആഭ്യന്തര മന്ത്രാലയം ഇറക്കിയിട്ടുണ്ട്. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാനാഗ്രഹിക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണമെന്ന മുന്നറിയിപ്പോടെയാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നോട്ടിസ്. ഇന്ത്യൻ പൗരത്വ നിയമം 8-ാം വകുപ്പിലെ സബ് സെക്‌ഷൻ 1 പ്രകാരം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ മാതാവോ പിതാവോ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമെന്ന് ഇതിൽ വ്യക്തമാക്കി. മൈനർ പദവി തീരുന്ന മുറയ്ക്ക് നിർദിഷ്‌ട ഫോമിൽ ഇന്ത്യൻ പൗരത്വം തുടരാനാഗ്രഹിക്കുന്നുവെന്ന് അറിയിച്ചാൽ പൗരത്വം ലഭിക്കുമെന്നും നോട്ടിസിൽ പറയുന്നു. അടുത്ത കാലത്ത് ഇന്ത്യൻ പൗരത്വമുപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് സമീപകാലത്ത് വിദേശങ്ങളിലേക്ക് പൗരത്വമുപേക്ഷിച്ച് കുടിയേറിയതെന്ന് വിദേശകാര്യമന്ത്രാലയം പാർലമെന്റ്റിൽ നൽകിയ മറുപടികളിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പൗരത്വ നിയമം കർശനമാക്കാൻ തീരുമാനിച്ചതെന്നു വിലയിരുത്തപ്പെടുന്നത് .
© Copyright 2024. All Rights Reserved