അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചി നാളെ തിയറ്ററുകളിലെത്തും . രണ്ട് വർഷത്തിന് ശേഷമാണ് ഒരു അജിത്ത് ചിത്രം ആരാധകരിലേക്കെത്തുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായെത്തുന്നത് തൃഷയാണ്. ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയ വിടാമുയർച്ചി ഒരു റോഡ് ആക്ഷൻ ത്രില്ലർ ആണ്.
-------------------aud--------------------------------
വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്ന ഭാര്യയെ അന്വേഷിച്ചിറങ്ങുന്ന ഭർത്താവിന്റെ അതിസാഹസികമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ദുബായിൽ നടന്ന കാറോട്ട മത്സര ജയവും വർഷങ്ങൾക്ക് ശേഷം താരം നൽകിയ അഭിമുഖങ്ങളും ഒക്കെ ആയി അജിത്ത് ആരാധകർക്ക് ഈ വർഷം ആഹ്ലാദിക്കാൻ വിശേഷങ്ങൾ ഏറെയാണ് . കൂടാതെ ഇരട്ടി മധുരം പോലെ ഏപ്രിൽ 10 അജിത്തിന്റെ മാസ് ആക്ഷൻ ത്രില്ലർ ചിത്രം ഗുഡ് ബാഡ് അഗ്ലിയും തിയറ്ററുകളിലെത്തും.വിടാമുയർച്ചി ഇതിനകം തമിഴ്‌നാട്ടിൽ മാത്രമായി 11 ലക്ഷം ടിക്കറ്റുകൾ വിറ്റു എന്നാണു റിപ്പോർട്ടുകൾ 27 കോടിയുടെ ബിസിനസ് ആണ് ഇതിലൂടെ നടത്തിയത്. കേരളത്തിൽ 40 ലക്ഷം രൂപയുടെ പ്രീസെയിൽ ചിത്രം നടത്തി. തമിഴിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ വിടാമുയർച്ചി നേടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ അജിത്തിനെയും തൃഷയെയും കൂടാതെ അർജുൻ സാർജ, റെജീന കാസൻഡ്ര, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരൻ ആണ്.
വളരെ പരിമിതമായ പ്രമോഷനുകളെ ചിത്രത്തിന് വേണ്ടി ആവിഷ്‌ക്കരിച്ചിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. എപ്പോഴത്തെയും പോലെ അജിത്ത് കുമാർ പ്രമോഷന്റെ ഭാഗമായില്ലെന്നു മാത്രമല്ല, സംവിധായകൻ മഗിഴ് തിരുമേനിയുടെയും റെജീന കാസാൻഡ്രയുടെയും മാത്രം ഏതാനും അഭിമുഖങ്ങൾ മാത്രമാണ് ഇതുവരെ പുറത്തു വന്നിട്ടുള്ളത്.
© Copyright 2024. All Rights Reserved