ഹിൻഡൻബർഗ് റിപ്പോർട്ട് പോലെയല്ല, ഗൗതം അദാനിയുടെ കമ്പനിയുടെ സൗരോർജ കേസ് മോദി സർക്കാരിനെ പൊള്ളിക്കാൻ കെൽപുള്ളതാണ്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു പുറമേ എത്രപേർ അതിനു മെനക്കെടുമെന്നാണ് കാണേണ്ടത്. പല സംസ്ഥാനങ്ങളിലെയും പദ്ധതികളിൽ അദാനിക്കു മുതൽമുടക്കുണ്ട്; പലരും പുതിയ പദ്ധതികൾക്കു ക്ഷണിക്കുന്നുമുണ്ട്. ഒരർഥത്തിൽ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലാവധിയുടെ അവസാന മാസങ്ങളിൽ ഇതു രണ്ടാമത്തെ അമ്പാണ് മോദി സർക്കാരിനെതിരെ എയ്തിരിക്കുന്നത്.
-------------------aud--------------------------------
ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസാണ് കഴിഞ്ഞ മാസങ്ങളിൽ ചർച്ചയായത്. ഇപ്പോൾ, അദാനിയുടെ കേസും. രണ്ടും യുഎസിലെ കോടതികളിലൂടെയാണ് ഉയർന്നുവന്നത്. അഴിമതിയില്ലാത്ത ഭരണമെന്ന മോദി സർക്കാരിന്റെ അവകാശവാദത്തെ ബൈഡൻ ഭരണകൂടം പരോക്ഷമായി ചോദ്യം ചെയ്യുന്നുവെന്നും വിലയിരുത്താം. രാജ്യാന്തര സോളർ കൂട്ടായ്മയുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്തതിനെക്കുറിച്ചും ചോദ്യങ്ങളുയർന്നേക്കാം. ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയുടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിനെയും അതിന്റെ അധ്യക്ഷ മാധവി ബുച്ചിനെയും വിവാദത്തിലാക്കിയിരുന്നു. കേന്ദ്ര സർക്കാരല്ല, ബിജെപിയാണ് അന്ന് പരോക്ഷമായെങ്കിലും പ്രതിരോധമുയർത്തിയത്. അവ അദാനിയെ ന്യായീകരിക്കാനായിരുന്നു താനും. ഇപ്പോൾ അദാനിക്കെതിരെ യുഎസിലുള്ള കേസിന്റെ വിവരങ്ങൾ പുറത്തുവന്നയുടൻ ബിജെപി അതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തു; രാഹുൽ ഗാന്ധിക്കെതിരെ ആരോപണങ്ങളുന്നയിച്ചു.
കഴിഞ്ഞ വർഷം ഹിൻഡൻബർഗിന്റെ ആദ്യ റിപ്പോർട്ട് വന്നപ്പോഴും പ്രതിപക്ഷം അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതിയുടെ(ജെപിസി) അന്വേഷണം ആവശ്യപ്പെട്ടതാണ്. ഇപ്പോൾ വീണ്ടും അതേ ആവശ്യം ഉന്നയിക്കുന്നു. സർക്കാർ വഴങ്ങാൻ സാധ്യത തീരെയില്ല. സോളർ പദ്ധതികൾക്ക് മോദി സർക്കാർ പ്രഖ്യാപിച്ച ഉൽപാദന ബന്ധിത ആനുകൂല്യങ്ങളിൽ (പിഎൽഐ) വലിയൊരു പങ്ക് അദാനിക്കു ലഭിച്ചതും നേരത്തെ വിവാദമായതാണ്.
ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രത്തിലെ പ്രതിപക്ഷ പാർട്ടികൾ ഭരിച്ചപ്പോഴും കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീർ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കുമ്പോഴും സൗരോർജ കരാറുകൾക്കായി കൈക്കൂലി ഇടപാടു നടത്തിയെന്നാണ് അദാനിക്കെതിരെയുള്ള ആരോപണം. കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയത്തിന്റെ സ്ഥാപനമായ സോളർ കോർപറേഷൻ ഓഫ് ഇന്ത്യയും (എസ‌്ഇസിഐ) സംസ്ഥാനങ്ങളുമായി കരാറുണ്ടാക്കുന്നതിന് അദാനി കൈക്കൂലി നൽകിയെന്ന് കുറ്റപത്രത്തിൽ യുഎസ് ജസ്റ്റിസ് വകുപ്പ് വാദിക്കുന്നു.
ആരോപണത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളിൽ തമിഴ്നാട്ടിൽ മാത്രമാണ് ഇപ്പോൾ ബിജെപി ഭരണത്തിലില്ലാത്തത്. പ്രതിപക്ഷ പാർട്ടികളുടെ ഭരണകാലത്തെ വിഷയമാണെങ്കിലും കരാർ പുനഃപരിശോധിക്കുമെന്നല്ല, വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്നുപോലും പറയാൻ സംസ്ഥാനങ്ങൾ തയാറായിട്ടില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ പേരു വന്നിട്ടും കേന്ദ്ര സർക്കാരും മൗനത്തിലാണ്.
തമിഴ്നാട് ഊർജ മന്ത്രി സെന്തിൽ ബാലാജി പറയുന്നത് തങ്ങളുടെ കരാർ അദാനിയുമായല്ല, എസ്ഇസിഐയുമായിട്ടാണ് എന്നാണ്. യുഎസിലെ ഓഹരി വിപണി മേൽനോട്ട സംവിധാനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) പരാതിയിൽ അദാനി ആന്ധ്രപ്രദേശിൽ മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായാണ് 2021 ഓഗസ്റ്റിൽ കൈക്കൂലി ഇടപാട് നടത്തിയതെന്നു സൂചിപ്പിക്കുന്നുണ്ട്. ഒഡീഷയിലെ ഇടപാടും പ്രത്യേകമായി പരാമർശിക്കുന്നു. ജഗൻമോഹൻ റെഡ്ഡിക്കെതിരെ ശക്തമായ ആയുധം ലഭിച്ചിട്ടും ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ശബ്ദിക്കുന്നില്ല. 2 കാരണങ്ങളാണ് പറയപ്പെടുന്നത്: ആരോപണം ജഗനെതിരെ ഉന്നയിച്ചാലും അതിന്റെ ഒരു ഭാഗം പ്രധാനമന്ത്രിക്ക് എതിരെയുമാകും; അദാനിയെക്കൊണ്ട് സംസ്ഥാനത്ത് മുതൽമുടക്കാൻ ശ്രമം നടക്കുകയുമാണ്.
© Copyright 2024. All Rights Reserved