മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എക്‌സിലെ ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ലാൽ കൃഷ്ണ അദ്വാനി ജിയെ ഭാരതരത്‌ന നൽകി ആദരിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ബഹുമതി ലഭിച്ചതിൽ ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും അദ്ദമഹത്തെ അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരിൽ ഒരാളായ അദ്വാനി ജി ഇന്ത്യയുടെ വികസനത്തിന് അവിസ്മരണീയമായ സംഭാവന നൽകിയിട്ടുണ്ട്. താഴേത്തട്ടിൽ പ്രവർത്തിക്കുന്നത് മുതൽ നമ്മുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കുന്നത് വരെ അദ്ദേഹത്തിൻ്റെ ജീവിതം തുറന്ന പുസ്തകമാണ്. നമ്മുടെ ആഭ്യന്തര മന്ത്രി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻ്റെ പാർലമെൻ്ററി പ്രവർത്തനം എപ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകളാൽ നിറഞ്ഞതുമാണ്.- പ്രധാനമന്ത്രി മോദി എക്സിൽ എഴുതി,പ്രതിബദ്ധതയ്ക്ക് പേരുകേട്ടതാണ് അദ്വാനി ജിയുടെ പൊതുജീവിതത്തിലെ പതിറ്റാണ്ടുകൾ നീണ്ട സേവനമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ദേശീയ ഐക്യത്തിനും സാംസ്കാരിക നവോത്ഥാനത്തിനും വേണ്ടി അദ്ദേഹം വലിയ ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹത്തെ ഭാരതരത്‌ന നൽകി ആദരിച്ചത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണെന്നും നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തിൽ നിന്ന് പഠിക്കാനും എണ്ണമറ്റ അവസരങ്ങൾ ലഭിച്ചത് എൻ്റെ ഭാഗ്യമായി ഞാൻ എപ്പോഴും കരുതുന്നുവെന്നും പ്രധാനമന്ത്രി ഓർമിച്ചു. 1980-ൽ ഭാരതീയ ജനതാ പാർട്ടി രൂപീകൃതമായതിനുശേഷം ഏറ്റവും കൂടുതൽ കാലം പാർട്ടിയുടെ പ്രസിഡൻ്റായി തുടർന്ന ഒരേയൊരു നേതാവാണ് ലാൽ കൃഷ്ണ അദ്വാനി. മൂന്ന് പതിറ്റാണ്ട് കാലം എംപിയായി തുടർന്നുവന്ന അദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയും വാജ്പേയ് മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയുമായി.
© Copyright 2024. All Rights Reserved