കാനഡയ്ക്കും മെക്സിക്കോയ്ക്കും അധികമായി 25 ശതമാനം ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുന്നത് നീട്ടിവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏപ്രിൽ രണ്ടുവരെ നീട്ടിവയ്ക്കുന്നതായാണ് പ്രഖ്യാപനം.
-------------------aud-------------------------------
അധികചുങ്കം ഏർപ്പെടുത്തുന്നത് അമേരിക്കയുടെ സാമ്പത്തികവളർച്ച മുരടിപ്പിക്കുകയും പണപ്പെരുപ്പം വർധിപ്പിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. തുടർന്നാണ് തീരുമാനം മാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവിൽ വ്യാഴാഴ്ച ഒപ്പിട്ടു. മെക്സിക്കോയിൽനിന്നുള്ള കാർ നിർമാതാക്കളെ അധിക ചുങ്കത്തിൽനിന്ന് ഒഴിവാക്കുന്നതായി ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, മൂന്ന് രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക വ്യാപാര ഉടമ്പടിയിൽ ഉൾപ്പെടുന്ന വിഷയങ്ങൾക്ക് മാത്രമേ ഇളവ് ബാധകമാകൂ എന്നും റിപ്പോർട്ട് ഉണ്ട്. കാനഡയിൽനിന്നുള്ള 62 ശതമാനം വസ്തുക്കളുടെ ഇറക്കുമതിക്കും അധിക ചുങ്കം ബാധകമാകും. ട്രംപിന്റെ തീരുമാനത്തിന് നന്ദി പറഞ്ഞ മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം, തിരിച്ചടി നികുതി ഏർപ്പെടുത്തുന്നത് വൈകിക്കുമെന്ന് അറിയിച്ചു.
ട്രംപിനുള്ള തിരിച്ചടി എങ്ങനെയാകുമെന്ന് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് അവർ മുമ്പ് അറിയിച്ചിരുന്നത്. രണ്ടാംഘട്ട നികുതി ഏർപ്പെടുത്തൽ നീട്ടിവയ്ക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയും പറഞ്ഞു. എന്നാൽ, ആദ്യഘട്ടത്തിൽ എർപ്പെടുത്തിയ 3000 കോടി കനേഡിയൻ ഡോളറിന്റെ നികുതി തുടരും.
അമേരിക്കയിൽനിന്നുള്ള ഓറഞ്ച് ജ്യൂസ്, പീനട്ട് ബട്ടർ, കാപ്പി, ചെരിപ്പുകൾ, കോസ്‌മെറ്റിക്സ് ഉൽപ്പന്നങ്ങൾ, മോട്ടോർ സൈക്കിൾ തുടങ്ങിയവയ്ക്കാണ് നേരത്തേ നികുതി ഏർപ്പെടുത്തിയത്. അമേരിക്കയും കാനഡയും തമ്മിൽ സമീപഭാവിയിൽത്തന്നെ വ്യാപരയുദ്ധം ഉണ്ടാകുമെന്ന് ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അനധികൃത കുടിയേറ്റം മയക്കുമരുന്ന് കടത്ത് എന്നിവ തടയാൻ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ചാണ് ട്രംപ് ഇരുരാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിക്ക് അധിക ചുങ്കം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഇത് പ്രാബല്യത്തിൽ വന്നിരുന്നു.
© Copyright 2024. All Rights Reserved