ഈ ലോകകപ്പിൽ ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും നേടിയ റൺസായിരുന്നു ഇന്ത്യൻ ഇന്നിങ്സിൻറെ അടിത്തറ. ഇരുവരും എതിർ ടീമിലെ ന്യൂ ബാൾ പേസർമാരെ ഒട്ടും ഭയമില്ലാതെയാണ് നേരിട്ടിരുന്നത്. ഇതിൽ രോഹിത് ശർമയായിരുന്നു കുറച്ചുകൂടി അക്രമകാരി.പേരുകേട്ട എതിർ ടീം ബൗളർമാരെയെല്ലാം കണക്കിന് പ്രഹരിച്ച് അവരുടെ ആത്മവിശ്വാസം തകർക്കുന്നതിൽ രോഹിത്തിൻറെ ബാറ്റിങ്ങിന് കഴിഞ്ഞു. നായകൻറെ ഈ പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ വിജയങ്ങളിലെ ഒരു സുപ്രധാന ഘടകവും. നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ നാലാമതാണ് രോഹിത്. ഒമ്പത് മത്സരങ്ങളിൽനിന്ന് 503 റൺസ്. 121.40 ആണ് സ്ട്രൈക്ക് റേറ്റ്. ശരാശരി 55.88. 131 ആണ് ഉയർന്ന സ്കോർ. ലോകകപ്പ് ചരിത്രത്തിൽ ലീഗ് റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ച് സെമിയിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ.നായക പദവിക്ക് അർഹിക്കുന്ന പ്രകടനം നടത്തുന്ന രോഹിത്തിനെ മുൻ പാക് താരങ്ങളായ വാസിം അക്രമവും ശുഐബ് മാലികും വാനോളം പ്രശംസിച്ചു. രോഹിതിനെ പോലൊരു കളിക്കാരൻ അന്താരാഷ്ട്ര ക്രിക്കറ്റിലില്ലെന്ന് അക്രം പറഞ്ഞു. ‘വിരാട് കോഹ്ലി, ജോ റൂട്ട്, കെയിൻ വില്യംസൺ, ബാബർ അസം എന്നിവരെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്, എന്നാൽ രോഹിത് അവരിൽനിന്ന് വ്യത്യസ്തനാണ്. എതിരാളികളും ബൗളർമാരും എത്ര ശക്തരാണെങ്കിലും അദ്ദേഹം അനായാസം ബാറ്റ് ചെയ്യുന്നു’ -അക്രം അഭിപ്രായപ്പെട്ടു.എതിരാളികളുടെ അഞ്ചു ബൗളർമാരെയും ഒരുപോലെ നേരിട്ട ബാറ്ററാണ് രോഹിത്തെന്ന് ശുഐബ് മാലിക് പറഞ്ഞു. ടീമിന് മികച്ച തുടക്കം നൽകാനാണ് രോഹിത് ശ്രമിക്കുന്നതെന്ന് മുൻ ആസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് വ്യക്തമാക്കി. തുടക്കത്തിലെ പവർ പ്ലേയിൽതന്നെ എതിരാളികളെ സമ്മർദത്തിലാക്കുന്നത് മത്സരത്തിൽ വളരെ നിർണായകമാണ്. ഇതിലൂടെ ബൗളർമാരുടെ ആത്മവിശ്വാസം തകർക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ബുധനാഴ്ച ഉച്ചക്കാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലെ സെമി ഫൈനൽ പോരാട്ടം.
© Copyright 2025. All Rights Reserved