യുക്രെയ്‌നെതിരേയുള്ള യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതിനായി ഉത്തര കൊറിയൻ സൈന്യം റഷ്യയിലേക്ക് നീങ്ങിയതായി സ്ഥിരീകരിച്ച് നാറ്റോ. യുക്രെയ്‌നെതിരേയുള്ള റഷ്യയുടെ പോരാട്ടം ശക്തമായി നടക്കുന്ന കുർസ്‌ക് അതിർത്തിയിൽ വിന്യസിച്ചിട്ടിണ്ടെന്നാണു വിവരമെന്നു നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പറഞ്ഞു. സംഭവം യുദ്ധം അപകടകരമായ നിലയിൽ രൂക്ഷമാകുന്നതിന്റെ അടയാളമാണ്.
-------------------aud--------------------------------
സ്ഥിതി തങ്ങൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ്, യുക്രെയ്ൻ ആഭ്യന്തര മന്ത്രി എന്നിവരുമായി ഉടൻ സംസാരിക്കുമെന്നും റുട്ടെ വ്യക്തമാക്കി.
റഷ്യയുമായി ചേർന്ന് യുദ്ധം ചെയ്യാൻ ഉത്തരകൊറിയ സൈന്യത്തെ അയച്ച് തുടങ്ങിയതായി ദക്ഷിണ കൊറിയയുടെ ചാര ഏജൻസിയെ ഉദ്ധരിച്ച് ബി.ബി.സിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ 10,000 ഉത്തരകൊറിയൻ സൈനികർ യുദ്ധത്തിൽ പങ്ക് ചേർന്നതായി യുക്രെയിൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു റിപ്പോർട്ട് ദക്ഷിണ കൊറിയൻ ചാര സംഘടനയും നൽകിയിരിക്കുന്നത്. അവരുടെ കണക്കുപ്രകാരം 12,000 ഉത്തര കൊറിയൻ സൈനികരാണ് റഷ്യൻ മുന്നണിയിൽ ചേർന്നിരിക്കുന്നത്. ഉത്തരകൊറിയയുടെ ഈ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നാണ് ദക്ഷിണ കൊറിയയും യുക്രെയിനും ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അടുത്ത വർഷത്തോടെ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ‘വിജയ പദ്ധതി’ യുക്രെയ്ൻ പാർലമെന്റിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അവതരിപ്പിച്ചു. ഉപാധികളില്ലാതെ നാറ്റോ അംഗത്വം അനുവദിക്കുന്നതിനൊപ്പം പാശ്ചാത്യശക്തികളുടെ ആയുധപിന്തുണയും ഉണ്ടെങ്കിൽ യുദ്ധം തീരുമെന്ന് സെലെൻസ്‌കി പറഞ്ഞു. യുക്രെയ്‌നിനെ സഹായിച്ചാൽ പകരം രാജ്യത്തിന്റെ പ്രകൃതി, ധാതുവിഭവങ്ങൾ വികസിപ്പിക്കാൻ പാശ്ചാത്യശക്തികളെ അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
യുക്രെയ്ൻ സൈന്യം യൂറോപ്പിൽ നാറ്റോയുടെ ശക്തി വർധിപ്പിക്കും. നിലവിൽ യൂറോപ്പിലുള്ള യുഎസ് സൈന്യത്തിന്റെ എണ്ണം കുറയ്ക്കാനും ഇത് ഉപകരിക്കും. പാശ്ചാത്യശക്തികൾ പദ്ധതി അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാനുള്ള ഒത്തുതീർപ്പിനു റഷ്യ നിർബന്ധിതമാകുമെന്നും സെലെൻസ്‌കി പറഞ്ഞു.
© Copyright 2024. All Rights Reserved