ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് യുകെയിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മാസം കുറഞ്ഞു എന്നാണ്. അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് ചർച്ച ചെയ്യാൻ കൂടുമ്പോൾ തീർച്ചയായും ഈ കണക്ക് അവരുടെ തീരുമാനത്തെ സ്വാധീനിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്.
-------------------aud--------------------------------
2024 നവംബറിൽ ഉണ്ടായിരുന്ന 2.6 ശതമാനത്തിന്റെ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ 2.5 ശതമാനമായി കുറഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്.
ഇത് നേരായ ദിശയിലൂടെയുള്ള പോക്കാണ് എന്നതിന്റെ സൂചകമാണ് എന്ന് തോന്നാമെങ്കിലും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വയ്ക്കുന്ന രണ്ടു ശതമാനം പണപ്പെരുപ്പത്തിനേക്കാൾ വളരെയേറെ മുകളിലാണ് ഇതെന്നതും ഓർക്കേണ്ടതുണ്ട്. പൗണ്ടിന്റെ മൂല്യം കുറയുകയും വായ്പയുടെ ചെലവ് കൂടുകയും ചെയ്യുന്ന തികച്ചും അസ്ഥിരമായ ഒരു സമ്പദ് സാഹചര്യത്തിലാണ് ഈ കണക്കുകൾ പുറത്തു വരുന്നത് എന്നതും ഓർക്കണം.
എന്നാൽ, പണപ്പെരുപ്പത്തിലുണ്ടായ കുറവ്, തീർച്ചയായും പലിശ നിരക്ക് കുറയ്ക്കാൻ ബാങ്കിന് ഒരു കാരണമാണ്. അങ്ങനെയുണ്ടായാൽ ലക്ഷക്കണക്കിന് മോർട്ട്‌ഗേജ് ഹോൾഡർമാർക്ക് അത് തീർച്ചയായും ഒരു അനുഗ്രഹമായിരിക്കും. വേരിയബിൾ ഇന്ററസ്റ്റ് റേറ്റ് കോൺട്രാക്റ്റിൽ ഉള്ളവരെയാണ് ബാങ്കിന്റെ നയം ഉടനടി ബാധിക്കുക. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനനുസരിച്ച് നിങ്ങളുടെ മോർട്ട്‌ഗേജ് അടവു തുകയിലും ഏറ്റക്കുറച്ചിലുകളുണ്ടാകും.
© Copyright 2024. All Rights Reserved