യുകെയിലേക്ക് എങ്ങനെയും എത്തിച്ചേരാൻ അഭയാർത്ഥികളും, അനധികൃത കുടിയേറ്റക്കാരും ശ്രമിക്കുന്നത് നാട്ടുകാർക്ക് താമസിക്കാൻ വീടില്ലാത്ത സ്ഥിതിയിൽ എത്തിച്ചെന്നു റിപ്പോർട്ട്. അഭയാർത്ഥികൾ ഇവിടെയെത്തിയാൽ സർക്കാർ ചെലവിൽ സുഖതാമസത്തിന് സൗകര്യം കിട്ടും. ഈ സുഖതാമസത്തിന് കൂടുതൽ പ്രോപ്പർട്ടികൾ ഹോം ഓഫീസ് വാടകയ്ക്ക് എടുക്കുന്നുവെന്നാണ് പുതിയ വാർത്ത.
16,000 റെന്റൽ പ്രോപ്പർട്ടികളാണ് അഭയാർത്ഥി അപേക്ഷകർക്കായി ഹോം ഓഫീസ് എടുത്തിരിക്കുന്നത്. ബ്രിട്ടനിലെ യുവജനതയ്ക്കും, കുടുംബങ്ങൾക്കും താമസിക്കാൻ വീടുകളുടെ കടുത്ത ക്ഷാമം നേരിടുമ്പോഴാണ് ഹോം ഓഫീസ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഹോം ഓഫീസിനായി പ്രവർത്തിക്കുന്ന കോൺട്രാക്ടർമാർ ലാൻഡ്‌ലോർഡ്‌സിന് അഞ്ച് വർഷത്തെ സമ്പൂർണ്ണ വാടക പേയ്‌മെന്റാണ് ഗ്യാരണ്ടി നൽകിയിരിക്കുന്നത്.
അഭയാർത്ഥികളെ ഹോട്ടലുകളിൽ നിന്നും മാറ്റാനുള്ള ദൗത്യമാണ് ഈ കോൺട്രാക്ടർമാർക്കുള്ളത്. എന്നാൽ ഈ നീക്കം പുതിയ ചേരികൾ സൃഷ്ടിക്കുമെന്ന് അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഹൾ, ബ്രാഡ്‌ഫോർഡ്, ടീസൈഡ് എന്നിങ്ങനെ ചെലവ് കുറഞ്ഞ മേഖലകളിലെ പ്രോപ്പർട്ടികളാണ് പ്രധാനമായും തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രൈവറ്റ്, സോഷ്യൽ റെന്റഡ് മേഖലയിലെ അതേ പൂളിൽ ഉൾപ്പെടുത്തിയാണ് ഈ വീടുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇവിടെ ഗ്രേറ്റ് ബ്രിട്ടനിലെ 58,000-ലേറെ അഭയാർത്ഥി അപേക്ഷകരെയാണ് പാർപ്പിക്കുക. അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലുകളുടെ എണ്ണം കുറയ്ക്കുമെന്ന സുനാകിന്റെ ലക്ഷ്യം നേടാനാണ് ഹോം ഓഫീസ് കൂടുതൽ വാടക വീടുകളിലേക്ക് നീങ്ങുന്നത്.
ഏകദേശം 50,000 വരുന്ന അഭയാർത്ഥികളെ താമസിപ്പിക്കാൻ കഴിഞ്ഞ വർഷം അവസാനം വരെ നികുതിദായകന്റെ ചെലവിൽ 400 ഹോട്ടലുകളാണ് ഉപയോഗിച്ചിരുന്നത്. ജനുവരി അവസാനം ഇതിൽ 50 എണ്ണം അടച്ചു. ഈ വർഷം സ്പ്രിംഗ് സീസണിൽ മറ്റൊരു 50 എണ്ണം കൂടി നിർത്തലാക്കും.
© Copyright 2023. All Rights Reserved