ഈജിപ്തിലെ വടക്കുപടിഞ്ഞാറൻ തീര പ്രദേശമായ റാസൽ ഹിക്മയിലാണ് യുഎഇ പുതിയ നഗരം സ്ഥാപിക്കുക. 3500 കോടി ഡോളറിന്റെ കരാർ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചുവെന്ന് ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി പറഞ്ഞു. വരും ആഴ്ചകളിൽ 1500 കോടി ഡോളർ യുഎഇ കൈമാറും. രണ്ട് മാസത്തിനകം 2000 കോടിയും. യുഎഇയിലെ ഒരു കൂട്ടം വ്യവസായ പ്രമുഖർ ഒരുമിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈജിപ്തിൽ സമീപകാലത്ത് ലഭിക്കുന്ന ആദ്യ വിദേശ നിക്ഷേപമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ഈജിപ്തിന് വലിയ ആശ്വാസമാണിത്.
വളരെ തന്ത്രപ്രധാനമായ തീരദേശം വിദേശ കമ്പനികൾക്ക് കൈമാറുന്നതിനെതിരെ ഈജിപ്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. യുഎഇ കമ്പനികൾക്ക് പകരം സ്വദേശത്തെ കമ്പനികളെ ഉപയോഗിച്ച് നഗരം സ്ഥാപിക്കണമെന്നാണ് അവരുടെ നിലപാട്. എന്നാൽ ഈജിപ്ഷ്യൻ ഭരണകൂടം പറയുന്നത് മറ്റൊന്നാണ്. പദ്ധതി പൂർത്തിയായാൽ 35 ശതമാനം ഉടമസ്ഥാവകാശം ഈജിപ്ഷ്യൻ സർക്കാരിനാകുമെന്ന് പ്രധാനമന്ത്രി പറയുന്നു. ലാഭത്തിന്റെ 35 ശതമാനവും കിട്ടും. 170 ദശലക്ഷം ചതുരശ്ര മീറ്റർ വരുന്ന സ്ഥലത്താണ് റാസൽ ഹിക്മ പ്രൊജക്ട് നടപ്പാക്കാൻ പോകുന്നത്. താമസ കേന്ദ്രം, ടൂറിസ്റ്റ് റിസോർട്ടുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ, വ്യവസായ സോണുകൾ, വ്യവസായ ജില്ല, ആഡംബര നൗകകൾ അടുപ്പിക്കാനുള്ള ഹാർബർ, വിമാനത്താവളം എന്നിവയെല്ലാം പുതിയ നഗരത്തിലുണ്ടാകും. ഈജിപ്തിലെ കേന്ദ്ര ബാങ്കിൽ നിലവധിൽ 1100 കോടി ഡോളർ യുഎഇ നിക്ഷേപിച്ചിട്ടുണ്ട്. ഇത് പദ്ധതിയുടെ നടത്തിപ്പിനായി ഉപയോഗിക്കും. റാസൽ ഹിക്മയിൽ താമസിക്കുന്ന പതിനായിരങ്ങളെ മാറ്റിപ്പാർപ്പിക്കാനും അവർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഈജിപ്ത് ആലോചിക്കുന്നത്. പദ്ധതി നടപ്പാകുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക രംഗം കൂടുതൽ ഭദ്രമാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
© Copyright 2023. All Rights Reserved