ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കൾ സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുക്കുന്നതിനും വേണ്ടി 'ഓപ്പറേഷൻ സൗന്ദര്യ' എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തതായും 33 സ്ഥാപനങ്ങൾക്കെതിരെ കേസ് എടുത്തതായും മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് 2023 മുതൽ 2 ഘട്ടങ്ങളിലായിട്ടാണ് ഓപ്പറേഷൻ സൗന്ദര്യ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.
-------------------aud----------------------------
മതിയായ ലൈസൻസുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസുകളെടുക്കുകയും ചെയ്തു. ലാബ് പരിശോധനകളിൽ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവിൽ നിന്ന് 12,000 ഇരട്ടിയോളം മെർക്കുറി പല സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടർന്ന് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകി. സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
© Copyright 2024. All Rights Reserved