ലോകസ്ഭാ തെരഞ്ഞെടുപ്പു അടുത്തതോടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ലക്ഷ്യമിട്ടു കൊണ്ടു കരുക്കൾ നീക്കി കേന്ദ്രസർക്കാർ രംഗത്തുവന്നു തുടങ്ങി. ഇതിന്റെ സൂചനയെന്നോണം ഇടവേളയ്ക്ക് ശേഷം പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രക്കെതിര് ഇഡി നീക്കങ്ങൾ തുടങ്ങി. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയും കൂട്ടാളിയായ സി.സി. തമ്പിയും ചേർന്ന് ഡൽഹിക്കടുത്ത് ഫരീദാബാദിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും പരസ്പരം പണമിടപാടുകൾ നടത്തിയെന്നും ഇ.ഡി. വ്യക്തമാക്കുന്നു.
ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുടെ പേരിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂട്ടുപ്രതികളായ തമ്പിക്കും സുമിത് ഛദ്ദയ്ക്കുമെതിരേ ഇ.ഡി. കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് വാദ്രയുടെ ഇടപാടുകളെക്കുറിച്ചും വിശദീകരിക്കുന്നത്. സെൻട്രൽ ലണ്ടനിൽ ഭണ്ഡാരിയുമായി ബന്ധമുള്ള ഫ്ളാറ്റ് വാദ്രയ്ക്ക് ലഭിച്ചിരുന്നതായി ഇ.ഡി. പറയുന്നു. ഛദ്ദവഴി ഇത് നവീകരിച്ച് വാദ്രയും തമ്പിയും അതിൽ താമസിച്ചിരുന്നു. ഇരുവരുംചേർന്ന് ഫരീദാബാദിൽ വൻതോതിൽ ഭൂമി വാങ്ങുകയും പണമിടപാടുകൾ നടത്തുകയും ചെയ്തുവെന്നും അധിക കുറ്റപത്രത്തിലുണ്ട്. ഇ.ഡി കുറ്റപത്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്
2016ൽ രാജ്യംവിട്ട് യു.കെ.യിലെത്തിയ ഭണ്ഡാരിയെ വിട്ടുകിട്ടാൻ ഇന്ത്യ നിയമനടപടി സ്വീകരിച്ചുവരുകയാണ്. ഭണ്ഡാരിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി 2020 ജനുവരിയിലാണ് യു.എ.ഇ.യിലെ പ്രവാസിവ്യവസായിയും മലയാളിയുമായ തമ്പിയെ ഇ.ഡി. അറസ്റ്റുചെയ്തത്. യു.പി.എ. ഭരണകാലത്ത് ഒപ്പുവെച്ച പ്രതിരോധക്കരാറുകൾവഴി ലഭിച്ച കൈക്കൂലിപ്പണംകൊണ്ട് ലണ്ടനിലും യു.എ.ഇ.യിലും തമ്പി ആസ്തികൾ വാങ്ങിക്കൂട്ടിയെന്നാണ് ഇ.ഡി. പറയുന്നത്. സോണിയാഗാന്ധിയുടെ പി.എ. ആയിരുന്ന പി.പി. മാധവനാണ് തന്നെ വാദ്രയ്ക്ക് പരിചയപ്പെടുത്തിയതെന്നാണ് തമ്പി ചോദ്യംചെയ്യലിൽ പറഞ്ഞത്.
സഞ്ജയ് ഭണ്ഡാരിയുടെ പേരിൽ ലണ്ടനിൽ വാങ്ങിയ 17 കോടി രൂപയുടെ വസ്തു 2010-ൽ വിറ്റിരുന്നു. ഈ വസ്തു യഥാർഥത്തിൽ ഭണ്ഡാരിയുടേതല്ലെന്നും വാദ്രയാണ് അതിന്റെ ഉടമയെന്നുമാണ് ആദ്യ കുറ്റപത്രത്തിൽ ഇ.ഡി. പറഞ്ഞത്. ഇതുകൂടാതെ ലണ്ടനിൽ രണ്ടുവീടുകളും ആറു ഫ്ളാറ്റുകളും വാദ്രയ്ക്കുണ്ടെന്നും ഇ.ഡി. പറയുന്നു.
© Copyright 2024. All Rights Reserved