ആലുവയിൽ അതിഥിത്തൊഴിലാളിയുടെ മകളായ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോക്സോ പ്രത്യേക കോടതി, ശിശുദിനത്തിൽ പ്രതിക്കുള്ള ശിക്ഷ വിധിക്കും. ഇന്നലെ ശിക്ഷ സംബന്ധിച്ച വാദത്തിനിടയിൽ പ്രതിക്കു വധശിക്ഷ നൽകേണ്ടതിന്റെ ആവശ്യം പ്രോസിക്യൂഷൻ അക്കമിട്ടു നിരത്തി. അഡീ.സെഷൻസ് ജഡ്ജി കെ.സോമനാണു വാദം കേട്ടത്.
രാജ്യത്തു കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾ പെരുകിയതോടെ പോക്സോ നിയമം ഭേദഗതി ചെയ്തു കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യം ചർച്ച ചെയ്യപ്പെട്ട 2018ൽ, ഡൽഹിയിൽ 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ഈ കേസിലെ പ്രതി അസ്ഫാക് ആലം അതേ വർഷം ജനിച്ച മറ്റൊരു പെൺകുഞ്ഞിനെ 5 വർഷത്തിനു ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തി. ഈ പ്രതി സമൂഹത്തിന്റെ ഭാഗമായി തുടരാൻ ഇടവരുന്നത് ഇനിയും ജനിക്കാനിരിക്കുന്ന പെൺകുഞ്ഞുങ്ങളുടെ ജീവനു പോലും ഭീഷണിയാണെന്ന് ഈ സംഭവം തെളിയിക്കുന്നതായി സ്പെഷൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് വിചാരണക്കോടതിയിൽ ബോധിപ്പിച്ചു. 2018ലെ ഡൽഹി പോക്സോ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു മുങ്ങിയ പ്രതി കേരളത്തിലെത്തി കൂടുതൽ ഗൗരവമുള്ള കുറ്റം അതിനിഷ്ഠുര സ്വഭാവത്തോടെ ആവർത്തിച്ചു. ഒരുതരത്തിലും മാനസാന്തരത്തിനു സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണ് അസ്ഫാക് ആലമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
കൊല്ലപ്പെട്ട പെൺകുട്ടിയെയും കുടുംബത്തെയും മാത്രമല്ല അസ്ഫാക് ആലത്തിന്റെ ക്രൂരമായ കുറ്റകൃത്യം ആഴത്തിൽ ബാധിച്ചിരിക്കുന്നത്. ഒരു കുട്ടിയുടെ സ്വഭാവം രൂപീകരിക്കപ്പെടുന്ന അഞ്ചു വയസ്സു വരെയുള്ള കാലത്തു മാതാപിതാക്കൾ പെൺകുഞ്ഞുങ്ങളെ ഭീതിയോടെ വീടിനുള്ളിൽ അടച്ചുപൂട്ടി സൂക്ഷിക്കേണ്ട അവസ്ഥയ്ക്കാണു പ്രതി ചെയ്ത കുറ്റകൃത്യം കാരണമായിരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾക്കു അവരുടെ കുട്ടിത്തം തിരികെ ലഭിക്കാൻ പ്രതിക്കു വധശിക്ഷ നൽകണമെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്.
പ്രതിക്കു മാനസാന്തരമുണ്ടാവാനുള്ള സാധ്യത ഒരു സ്വതന്ത്ര ഏജൻസിയുടെ പഠനത്തിനു വിധേയമാക്കണമെന്നും പ്രതിയുടെ പ്രായം 28 വയസ്സു മാത്രമാണെന്നതു ശിക്ഷ വിധിക്കുമ്പോൾ അനുഭാവപൂർവം പരിഗണിക്കണമെന്നും പ്രതിക്കു വേണ്ടി ഹാജരായ ലീഗൽ എയ്ഡ് അദീപ് എം. നെൽപുര അഭ്യർഥിച്ചു.
© Copyright 2023. All Rights Reserved