തുടർ തോൽവികളിൽ നട്ടം തിരിഞ്ഞ റുബൻ അമോറിമിന്റെ മാഞ്ചസ്റ്റർ യുനൈറ്റഡിന് അൽപ്പം ആശ്വാസം. അപാര ഫോമിൽ പന്ത് തട്ടുന്ന അർനെ സ്ലോട്ടിന്റെ ലിവർപൂളിനെ മാഞ്ചസ്റ്റർ യുനൈറ്റഡ് അവരുടെ തട്ടകമായ ആൻഫീൽഡിൽ കയറി സമനിലയിൽ കുരുക്കി. ത്രില്ലർ പോരാട്ടത്തിൽ 2-2നാണ് മത്സരം സമനിലയിൽ അവസാനിച്ചത്.
---------aud---------------------
ആദ്യ പകുതി ഗോൾരഹിതമായപ്പോൾ രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും വന്നത്. ലിസാൻഡ്രോ മാർട്ടിനസും അമദ് ഡിയലോയും മാഞ്ചസ്റ്ററിനായി വല ചലിപ്പിച്ചു. ലിവർപൂളിനായി കോഡി ഗാക്‌പോയും മുഹമ്മദ് സലയുമാണ് വല കുലുക്കിയത്.
കഴിഞ്ഞ കളികളെ അപേക്ഷിച്ച് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് മികച്ച കളി പുറത്തെടുത്തു. ആദ്യ പകുതിയിൽ ഗോൾ നേടാനുള്ള അവസരങ്ങൾ അവർ തുറന്നെടുക്കുകയും ചെയ്തു. എന്നാൽ ഹോജ്‌ലുൻഡും ഡിയാലോയും അവസരങ്ങൾ നഷ്ടപ്പെടുത്തി.
രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുനൈറ്റഡാണ് ആദ്യ ഗോൾ നേടിയത്. ബ്രുണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നു ലിസാൻഡ്രോ മാർട്ടിനസാണ് സ്‌കോർ ചെയ്തത്. താരത്തിന്റെ പവർഫുൾ ഷോട്ട് ലിവർപൂൾ ഗോൾ കീപ്പർ അലിസന് ഒരവസരവും നൽകിയില്ല. അധികം വൈകാതെ ലിവർപൂളിന്റെ സമനില ഗോൾ 59ാം മിനിറ്റിൽ എത്തി. കോഡി ഗാക്‌പോ ഇടതു വിങ്ങിലൂടെ ഡ്രിബ്ലിങ് ചെയ്‌തെത്തി തൊടുത്ത ഷോട്ട് യുനൈറ്റഡ് പ്രതിരോധ നിരയെ കാഴചക്കാരാക്കി വലയിലെത്തി.
ലിവർപൂൾ അതിനിടെ ആക്രമണം കടുപ്പിച്ചു. ബോക്‌സിൽ വച്ച് മത്യാസ് ഡിലിറ്റിന്റെ കൈയിൽ പന്ത് തട്ടിയതോടെ റഫറി പെനാൽറ്റിയിലേക്ക് കൈ ചൂണ്ടി. കിക്കെടുത്ത മോ സലയ്ക്ക് പിഴച്ചില്ല. 70ാം മിനിറ്റിൽ ലിവർപൂൾ മുന്നിലെത്തി.
എന്നാൽ മാഞ്ചസ്റ്റർ തളർന്നില്ല. 10 മിനിറ്റിനുള്ളിൽ അവർ ലിവർപൂളിന്റെ ജയം തടഞ്ഞ് വലയിൽ പന്തെത്തിച്ചു. 80ാം മിനിറ്റിൽ ഗർനാചോ നടത്തിയ നീക്കത്തിനൊടുവിൽ പന്ത് ലഭിച്ച ഡിയാലോ കൃത്യം വലയിലേക്ക് തന്നെ വഴി തിരിച്ചു.
ഇഞ്ച്വറി സമയത്ത് ഹാരി മഗ്വയറിന് ഒരു സുവർണാവസരം കിട്ടി. എന്നാൽ പന്ത് ലക്ഷ്യം കണ്ടില്ല. ആൻഫീൽഡിലെ ത്രില്ലർ അങ്ങനെ ഒപ്പത്തിനൊപ്പം പിരിഞ്ഞു.
© Copyright 2024. All Rights Reserved