അടുത്തമാസം പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിന് മുന്നോടിയായി ഈ മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളിൽ പേസർ ജസ്പ്രീത് ബുമ്ര കളിക്കില്ല. ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിനിടെ പുറം വേദന അനുഭവപ്പെട്ട ബുമ്രക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സെലക്ടർമാർ വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ചാമ്പ്യൻസ് ട്രോഫി ടീമിൽ ബുമ്രയെ വൈസ് ക്യാപ്റ്റനാക്കുമെന്നും സൂചനയുണ്ട്.
-------------------aud------------------------------
ബുമ്രക്ക് വിശ്രമം അനുവദിക്കുമെങ്കിലും വിരാട് കോലി, രോഹിത് ശർമ, ശ്രേയസ് അയ്യർ തുടങ്ങിയവർ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിക്കും. ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ രോഹിത്തും കോലിയും ഏകദിന പരമ്പരയിൽ മാത്രമാകും കളിക്കുക. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്താൻ ഇരുവർക്കും ലഭിക്കുന്ന അവസാന അവസരമാകും ഇത്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ തിളങ്ങിയ ശ്രേയസ് അയ്യരും ഏകദിന ടീമിൽ തിരിച്ചെത്തും. കെ എൽ രാഹുൽ ഏകദിനങ്ങളിൽ വിക്കറ്റ് കീപ്പറായാൽ മറ്റൊരു വിക്കറ്റ് കീപ്പർക്ക് സാധ്യതയില്ലാത്തതിനാൽ മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിക്കാൻ സാധ്യത കുറവാണ്. റിഷഭ് പന്തിനും ഏകദിന ടീമിൽ ഇടം കിട്ടുമോ എന്ന് സംശയമാണ്. ടി20 ടീമിൽ സഞ്ജുവിനെ ഓപ്പണറായി നിലനിർത്തും.
പേസർ മുഹമ്മദ് ഷമിയെയും ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ സീരീസിന് ടീമിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. പരിക്കിൽ നിന്ന് മുക്തനായി മുഷ്താഖ് അലി ടി20 ട്രോഫിയിലും രഞ്ജി ട്രോഫിയിലും കളിച്ചെങ്കിലും പൂർണ കായികക്ഷമത വീണ്ടെടുക്കാത്തതിനാൽ ഷമിയെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുൾപ്പെടുത്തിയിരുന്നില്ല. ഈ മാസം 12ന് മുമ്പാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെയും സെലക്ടർമാർ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 22നാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പ തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഇതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും.
© Copyright 2024. All Rights Reserved