ലിയോണൽ സ്‌കലോണി - ലിയോണൽ മെസി കൂട്ടുകെട്ട് അർജന്റൈൻ ഫുട്‌ബോളിന് സാധ്യമായ കിരീടങ്ങളെല്ലാം സമ്മാനിച്ചുകഴിഞ്ഞു. കോപ്പ അമേരിക്കയും ഫൈനലിസിമയും ലോകകപ്പും നേടിയാണ് മെസ്സിയും സ്‌കലോണിയും സമ്പൂർണരായത്. ലോകകപ്പോടെ വിരമിക്കുമെന്ന് മെസിയും ഡി മരിയയും ഓട്ടമെൻഡിയുമെല്ലാം സൂചിപ്പിച്ചിരുന്നെങ്കിലും സീനിയർ താരങ്ങൾ ചാമ്പ്യൻ ടീമിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഈ വർഷത്തെ കോപ്പ അമേരിക്കയോടെ മെസി, ഡി മരിയ, ഓട്ടമെൻഡി തുടങ്ങിയവർ വിരമിക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഇതുകൊണ്ടുതന്നെ മെസിക്ക് ശേഷം അർജന്റൈൻ ഫുട്‌ബോളിന്റെ ഭാവി എന്താവുമെന്നാണ് ആരാധകരുടെ ആശങ്ക. അർജന്റൈൻ ഫുട്‌ബോൾ മെസിക്ക് അപ്പുറത്തേക്ക് ചിന്തിക്കണമെന്നാണ് കോച്ച് സ്‌കലോണി പറുന്നത്. ഇതിഹാസതാരങ്ങളുടെ പടിയിറക്കം സ്വാഭാവികമാണെന്നും സ്‌കലോണി പറഞ്ഞു.മെസിക്ക് ശേഷമുള്ള അർജന്റീനയെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ സ്‌കലോണി. പടിയിറക്കം വേദനയുണ്ടാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സ്‌കലോണിയുടെ വാക്കുകൾ... ''ഇതിഹാസതാരങ്ങൾ മുൻപും അർജന്റൈൻ ടീമിനോട് വിടപറഞ്ഞിട്ടുണ്ട്. റുഗേരിയും മറഡോണയുമെല്ലാം കളി നിർത്തിയപ്പോഴും അർജന്റൈൻ ടീം മുന്നോട്ട് പോയി. മെസിയടക്കമുള്ളവർ ദേശീയ ടീമിനായി എല്ലാം സമർപ്പിച്ചവരാണ്. അവരുടെ പടിയിറക്കം വേദനയുണ്ടാക്കും എന്നുറപ്പാണ്. മെസിക്ക് ശേഷവും അർജന്റൈൻ ടീമിന് മുന്നോട്ടുപോകണം. അതിനായി മികച്ചൊരു സംഘത്തെ വാർത്തെടുക്കണം.'' സ്‌കലോണി പറഞ്ഞു. കോപ്പയിലും ഫൈനലിസിമയിലും ലോകകപ്പിലുമെല്ലാം മെസിയുടെ കരുത്തിലായിരുന്നു അർജന്റീനയുടെ മുന്നേറ്റം. ഡി മരിയായവട്ടേ കോപ്പ, ലോകകപ്പ് ഫൈനലുകളിലും ഫൈനലിസിമയിലും ഗോൾ നേടിയ ഏകതാരവും. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിന് ശേഷം പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് സ്‌കലോണി സൂചിപ്പിച്ചിരുന്നു. അർജന്റൈ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി കോപ അമേരിക്ക വരെ തുടാൻ തീരുമാനിക്കുകയായിരുന്നു.
© Copyright 2025. All Rights Reserved