പുതുവത്സര ആഘോഷങ്ങൾ പൂർത്തിയാക്കി ഓഫീസിലേക്ക് മടങ്ങുമ്പോൾ ദുരിതം വിതയ്ക്കാൻ കാലാവസ്ഥ.60 എംപിഎച്ച് വേഗത്തിലുള്ള കാറ്റും, അതിശക്തമായ മഴയും വീശിയടിക്കുമ്പോൾ ബ്രിട്ടൻ നനഞ്ഞ് കുളിക്കുമെന്നതാണ് അവസ്ഥ. കാറ്റും, മഴയും മൂലം രാത്രി 9 വരെ നീളുന്ന മഞ്ഞജാഗ്രതാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വെയിൽസ്, മിഡ്‌ലാൻഡ്‌സ്, ഈസ്റ്റേൺ ഇംഗ്ലണ്ടിൽ എന്നിവിടങ്ങളിൽ അതിശക്തമായ മഴ നാശം വിതയ്ക്കും.
2 ഇഞ്ച് വരെ മഴ പെയ്യാനാണ് സാധ്യത കൽപ്പിക്കുന്നത്. യോർക്ക്ഷയറിലെ തീരപ്രദേശങ്ങളിൽ 60 എംപിഎച്ച് വരെ കാറ്റും വീശിയടിക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 50 എംപിഎച്ച് വരെ ശക്തമായ കാറ്റും നേരിടും. പുതുവർഷം മഴയിൽ കുതിർന്ന് വരവേൽക്കുമ്പോൾ റോഡുകളിൽ ദുരിതം നീളും. പല ഭാഗത്തും വെള്ളക്കെട്ടിൽ കാറുകൾ കുടുങ്ങുകയാണ്. ഇംഗ്ലണ്ടിലെ ഭൂരിപക്ഷം മേഖലയിലും, വെയിൽസിലും കാര്യമായ തോതിൽ മഴ പെയ്യുമെന്ന് തന്നെയാണ് വ്യക്തമാകുന്നതെന്ന് മെറ്റ് ഓഫീസ് മീറ്റിയോറോളജിസ്റ്റ് ജോന്നാഥൻ വ്യക്തമാക്കി. രാജ്യത്ത് താപനില 8 സെൽഷ്യസ് മുതൽ 13 സെൽഷ്യസ് വരെയാകും. കാറ്റും, മഴയും വരുന്നതോടെ ഇതിൽ അൽപ്പം തണുപ്പേറും.
ഇംഗ്ലണ്ടിലെ സൗത്ത് വെസ്റ്റേൺ മേഖലകളിലും, സൗത്ത് വെയിൽസിലും 15 മുതൽ 30 എംഎം വരെ മഴയ്ക്കാണ് സാധ്യത. മഞ്ഞജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ 60 എംപിഎച്ച് കാറ്റിനാണ് മുന്നറിയിപ്പുള്ളത്. 45 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും, 190 അലേർട്ടുകളുമാണ് എൻവയോൺമെന്റ് ഏജൻസി നൽകിയിരിക്കുന്നത്. ഇതിനിടെ സ്വിൻഡനും, ബ്രിസ്‌റ്റോളിനും ഇടയിൽ ഗ്രേറ്റ് വെസ്‌റ്റേൺ റെയിൽവെ ട്രെയിനുകൾ വെള്ളപ്പൊക്കത്തിൽ കുരുങ്ങി. ഇതോടെ ലൈൻ അടച്ച് ട്രെയിനുകൾ ലണ്ടൻ, സൗത്ത് വെയിൽസ് എന്നിവിടങ്ങളിലായി വഴിതിരിച്ച് വിട്ടു.
© Copyright 2024. All Rights Reserved