ചെങ്കടലിലൂടെ സഞ്ചരിച്ച ഇസ്രായേലി കപ്പൽ റാഞ്ചിയതായി യമനിലെ ഹൂതി വിതരുടെ അവകാശവാദം. തുർക്കിയയിൽനിന്ന് ഇന്ത്യയിലേക്ക് പോവുകയായിരുന്ന ‘ഗാലക്‌സി ലീഡർ’ എന്ന കപ്പലാണ് റാഞ്ചിയിരിക്കുന്നതെന്നാണ് ഇവർ അവകാശപ്പെടുന്നത്. 22 യാത്രക്കാരുമായാണ് കപ്പൽ സഞ്ചരിച്ചിരുന്നത്. ഇതിൽ ഇസ്രായേലി പൗരന്മാരില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗാസയിലെ പ്രത്യാക്രമണത്തിന് പ്രതികാരമായി യെമൻ അതിർത്തിയിലൂടെ സഞ്ചരിക്കുന്ന ഇസ്രായേലി ഉടമസ്ഥതയിലുള്ളതും ഇസ്രായേലി പതാകയുള്ളതുമായ കപ്പലുകൾ റാഞ്ചുമെന്ന് ഹൂതി വിമതരുടെ വക്താവ് യഹ്‌യ സരിയ നേരത്തെ വെല്ലുവിളിച്ചിരുന്നു. ഇത്തരം കപ്പലുകളിൽ ജോലി ചെയ്യുന്ന പൗരന്മാരെ പിൻവലിക്കാൻ മറ്റു രാജ്യങ്ങളോട് ഹൂതികൾ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ ഹൂതികൾ നിരവധി തവണ മിസൈൽ ആക്രമണം നടത്തിയിരുന്നു.കപ്പൽ ഇസ്രായേലി വ്യവസായി റാമി ഉംഗറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. കപ്പൽ ഹൂതികൾ റാഞ്ചിയതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ പിന്തുണയോടെയുള്ള തീവ്രവാദ പ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരം പ്രവൃത്തികൾ വളരെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഇസ്രായേൽ പറഞ്ഞു.
© Copyright 2025. All Rights Reserved