എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളുടെ ഭാഗമായി ഇന്ത്യയില്‍ 50 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ യുഎഇ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തുന്നതിന് പിന്നാലെയാണ് പുതിയ നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ നിക്ഷേപ താല്‍പര്യം സംബന്ധിച്ച് അടുത്ത വര്‍ഷമാദ്യം യുഎഇ പ്രഖ്യാപനം നടത്തുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ വിവരങ്ങള്‍ പൊതുവായതല്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടത്. യുഎഇയില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ലോക സമ്മേളനമായ സിഒപി-28 കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി എത്തുന്നുണ്ട്. ജൂലൈയില്‍ സമ്മേളന വേളയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി നടത്താന്‍ ഉദ്ദേശിക്കുന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുതിയ നിക്ഷേപങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷ.
തുറമുഖങ്ങള്‍, വൈദ്യുതി, ഹൈവേകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ ബൃഹത് നിക്ഷേപം നടത്താനാണ് യുഎഇ ഉദ്ദേശിക്കുന്നത്. യുഎഇയുടെ ഡിപി വേള്‍ഡ് ഇതിനകം ഇന്ത്യന്‍ തുറമുഖ മേഖലയില്‍ നിക്ഷേപം നടത്തുകയും രാജ്യത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ പുതിയ മെഗാ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി 510 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഡിപി വേള്‍ഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഈ വര്‍ഷം ആദ്യം ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയുമായി കരാറിലെത്തുകയുമുണ്ടായി.
© Copyright 2024. All Rights Reserved