ദില്ലി: പാകിസ്ഥാന്‍റെ ഏതു ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആര്‍മി എക്സിൽ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം വ്യക്തമാക്കി.
ഇന്നലെ രാത്രി മുതൽ ഇന്ന് പുലര്‍ച്ച വരെയും പടിഞ്ഞാറൻ അതിര്‍ത്തി മേഖലകളിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുകാണ്ട് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയെന്നും അതെല്ലാം തകര്‍ത്തുവെന്നും സൈന്യം എക്സിൽ കുറിച്ചു. ആക്രമണത്തിന് പുറമെ ജമ്മു കശ്മീരില്‍ വിവിധ ഭാഗങ്ങളിൽ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും തുടര്‍ന്നുവെന്നും ഇതിനും കനത്ത മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാന്‍റെ ഡ്രോണുകളെല്ലാം തന്നെ കൃത്യമായി തകര്‍ത്തുകൊണ്ട് ശക്തമായ മറുടിയാണ് നൽകിയത്.ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാത്തരം നീക്കങ്ങളെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചടിക്കുമെന്നും സൈന്യം വ്യക്തമാക്കി.
പാകിസ്ഥാൻ മണ്ണിലെ ഭീകരതാവളങ്ങളും വ്യോമ പ്രതിരോധ സംവിധാനവുമടക്കം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ കൃത്യതയോടെയായിരുന്നു. ഇത് തെളിയിക്കുന്നതിന്‍റെ വീഡിയോ അടക്കം എക്സ് അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ടാണ് സൈന്യത്തിന്‍റെ പ്രതികരണം. തൊടുത്തുവിട്ട ഡ്രോണ്‍ കൃത്യതയോടെ കെട്ടിടത്തിൽ പതിക്കുന്നതിന്‍റെയും പൊട്ടിത്തെറിക്കുന്നതിന്‍റെയും ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
© Copyright 2025. All Rights Reserved