മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിന്റെ അതിരൂക്ഷമായ ഇന്ത്യാവിരോധം ഒരു കൗമാരക്കാരൻ്റെ ജീവനെടുത്ത സംഭവത്തിൽ രാജ്യത്തു പ്രതിഷേധം ശക്‌തം. ഇന്ത്യയുടെ ഡോണിയർ എയർ ആംബുലൻസിനു പറക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ്, ഗുരുതരാവസ്‌ഥയിലായിരുന്ന 14 വയസ്സുകാരൻ മരിച്ചത്. "പ്രസിഡൻ്റിന് ഇന്ത്യയോടുള്ള വിരോധം തീർക്കാൻ സാധാരണക്കാരൻ്റെ ജീവൻ നൽകേണ്ട അവസ്ഥ ഉണ്ടാകരുത്"- മന്ത്രി മീഖായിൽ നസീം എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണു പതിനാലുകാരൻ ചികിത്സ കിട്ടാതെ മരിച്ചത്. ബ്രെയിൻ ട്യൂമർ ബാധിച്ച കുട്ടിയെ മാലെയിൽനിന്ന് അടിയന്തര ചികിത്സയ്ക്കു കൊണ്ടുപോകാൻ ഇന്ത്യയുടെ എയർ ആംബുലൻസ് സൗകര്യത്തിനു മാതാപിതാക്കൾ അപേക്ഷിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. ശനിയാഴ്‌ച കുട്ടി മരിച്ചതിനു പിന്നാലെ മാതാപിതാക്കൾ പ്രസിഡൻ്റിനെതിരെ ആരോപണമുന്നയിച്ചു. മാലദ്വീപിൽനിന്ന് അടിയന്തര ഘട്ടങ്ങളിൽ രോഗികളെ എയർലിഫ്റ്റ് ചെയ്യാൻ ഇന്ത്യ ഡോണിയർ വിമാന സേവനം നൽകാറുണ്ട്.
"മകനു ബുധനാഴ്‌ച മസ്‌തിഷ്കാഘാതം വന്നതോടെ ഐലൻഡ് ഏവിയേഷനുമായി ബന്ധപ്പെടാൻ ശ്രമിച്ചു. അവർ ഫോൺ എടുത്തില്ല. പിന്നീട്, വ്യാഴാഴ്‌ച രാവിലെ എട്ടരയ്ക്കാണ് അവർ ഫോൺ എടുത്തത്. എയർ ആംബുലൻസ് ഇത്തരം കേസുകളിൽ ആവശ്യമാണ്."- കുട്ടിയുടെ പിതാവിനെ ഉദ്ധരിച്ച് മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കുട്ടിയെ കൊണ്ടുപോകാനുള്ള മുന്നൊരുക്കം ആരംഭിച്ചെങ്കിലും അവസാന നിമിഷം വിമാനത്തിനുണ്ടായ സാങ്കേതികപ്രശ്‌നം തടസ്സമായെന്ന് ആസാന്ധ കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു.
© Copyright 2025. All Rights Reserved