ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതിയിൽ വൻ ഇടിവ്. ജനുവരിയിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. അതായത് ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നത് കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും 35 ശതമാനത്തിന്റെ കുറവാണ്. ഉക്രൈൻ അധിനിവേശത്തിന് പിന്നാലെ വലിയ തോതിലുള്ള കിഴിവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായി മാറിയത്.
2022 ജനുവരിയിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി നാമമാത്രമായിരുന്നെങ്കിൽ 2023 ജനുവരിയിൽ ഇത് എക്കാലത്തേയും ഉയർന്ന നിരക്കായ പ്രതിദിനം 1.27 ദശലക്ഷം ബാരൽ എന്നതിലേക്ക് എത്തി. ഇതോടെ പരമ്പരാഗത ഇറക്കുമതിക്കാരായ ഇറാഖ്, സൌദി അറേബ്യ എന്നിവരെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയായി മാറുകയും ചെയ്തു. ജൂലൈയിൽ പ്രതിമാസം 1.99 ദശലക്ഷം ബാരലായിരുന്നു റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തത്. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 30 ശതമാനമാണ് റഷ്യയുടെ വിഹിതം. എന്നാൽ പതിയെ റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ കുറവുണ്ടാകുകയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കൂടുതൽ ശക്തിപ്പെടുത്തിയതാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ അടക്കം ബാധിച്ചത്. ബാരലിന് 60 ഡോളർ എന്ന പരിധി മറികടക്കുന്ന കയറ്റുമതികൾക്ക് ഇൻഷുറൻസ് അടക്കമുള്ള കാര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ചിലവ് വർധിച്ചു. ഇതോടെയാണ് ഇന്ത്യൻ റിഫൈനറിമാർ പതിയെ റഷ്യയിൽ നിന്നും പിൻവലിയാൻ തുടങ്ങിയത്.
റഷ്യയും സാമ്പത്തിക ഉപരോധത്തിന് കീഴിലായതിനാൽ, 2022-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യാപാര പേയ്‌മെൻ്റുകൾ രൂപയിൽ തീർപ്പാക്കാൻ അനുവദിക്കുന്ന ഒരു സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാൽ ഇടപാടുകളുടെയും വിനിമയ നിരക്കിൻ്റെയും അപകടസാധ്യതകൾ കാരണം ഈ ചട്ടക്കൂടിൻ്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിക്രൂട്ട് ചെയ്യുന്നത്. ഇതോടെ റഷ്യയുടെ ക്രൂഡിന് ഇന്ത്യ ഡോളറിന് പുറമെ യുഎഇ ദിർഹത്തിലും പേയ്മെന്റും നൽകിയിട്ടുണ്ട്. കറൻസികൾക്ക് പുറമെ മറ്റ് വസ്തുക്കളിലെ വ്യാപാരത്തിലൂടേയം ഇന്ത്യ പേയ്മെന്റ് നടത്തിയിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ മാസത്തെ പേയ്‌മെൻ്റിൻ്റെ ഒരു ഭാഗം വാഴപ്പഴത്തിലെ വ്യാപാരത്തിലൂടെയാണ് ഇന്ത്യ നൽകിയതെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്നാണ് റഷ്യ ഏറ്റവും കൂടുതൽ വാഴപ്പഴം ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയിൽ ഒരു ഭാഗം കയറ്റുമതി ചെയ്യുന്ന വാഴപ്പഴത്തിന്റെ വിലയിൽ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്. ഇതിന് കമ്പനികൾ തമ്മിൽ പ്രത്യേക ധാരണയും ഉണ്ടാകും. അതായത് റഷ്യൻ കമ്പനികൾ വാഴപ്പഴ ഇറക്കുമതിക്ക് ഇന്ത്യൻ കമ്പനികൾക്ക് നൽകേണ്ട തുക ഇങ്ങോട്ട് കൈമാറാതെ അവിടുത്തെ ഓയിൽ കമ്പനികൾക്ക് നൽകും. ഇന്ത്യയിലെ ഓയിൽ റിഫൈനറിമാർ ഇതിന് തുല്യമായ തുക ഇവിടെ ഓയിൽ കമ്പനികൾക്കും കൈമാറും. സമാനമായ രീതിയിൽ മറ്റ് രീതിയിലുള്ള ഇറക്കുമതികളും ഇടപാട് നടത്താൻ ധാരണയുണ്ട്.
© Copyright 2023. All Rights Reserved