നേപ്പാളിൽ നിന്നെത്തിയ മനീഷയ്ക്ക് വലിയ സ്വീകാര്യത ബോളിവുഡിൽ ലഭിച്ചു. ഒരു ഘട്ടത്തിൽ ബോളിവുഡിന്റെ നിറപകിട്ടിൽ മനീഷ സ്വയം മറന്ന് പോയിട്ടുമുണ്ട്. കൈനിറയെ അവസരങ്ങളും പേരും പ്രശസ്തിയും പണം വന്ന അക്കാലത്ത് പറ്റിയ അബദ്ധങ്ങളെക്കുറിച്ച് തുറന്ന് പറയാനും മനീഷ മടിച്ചിട്ടില്ല. ഉയർച്ചകൾ പോലെ താഴ്ചയും മനീഷയുടെ കരിയറിൽ ഉണ്ടായിട്ടുണ്ട്. 2012 ൽ കാൻസർ ബാധിച്ച ശേഷമാണ് നടിക്ക് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയത്. ചികിത്സ കഴിഞ്ഞ് അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ മനീഷ സിനിമാ തിരക്കുകൾക്കപ്പുറം വ്യക്തി ജീവിതത്തിന് പ്രാധാന്യം കൊടുത്തു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും മനീഷ കരിയറിൽ സാന്നിധ്യം അറിയിക്കുന്നു. മനീഷയെ വലച്ച ഒരു വിവാദം ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാവുകയാണ്.
അധോലോക നേതാവ് അബു സലിമിന്റെ ആരോപണമാണ് വിവാദത്തിന് കാരണമായത്. മനീഷ കൊയ്രാളയുടെ മുൻ സെക്രട്ടറി അജിത്ത് ദീവാനി, നിർമാതാവ് മുകേഷ് ദഗാൽ എന്നിവരുടെ കൊലപാതകം ഒരുകാലത്ത് ബി ടൗണിൽ വലിയ ചർച്ചയായിരുന്നു. അബു സലിമിന്റെ ആളുകളാണ് ഇവരെ കൊലപ്പെടുത്തിയത്. 1997 ലാണ് മുകേഷ് ദഗാൽ കൊല്ലപ്പെടുന്നത്. 2000 ൽ അജിത്ത് ദീവാനിയും കൊല ചെയ്യപ്പെട്ടു. 2006 ലാണ് ഈ കൊലപാതങ്ങൾ സംബന്ധിച്ച് മനീഷയ്ക്കെതിരെ ഗ്യാങ്സ്റ്റർ അബു സലിം ആരോപണം ഉന്നയിച്ചത്.
മനീഷയുടെ ആവശ്യ പ്രകാരമാണ് ഇവരെ വകവരുത്തിയതെന്നും ഇതിനായി പണം നൽകിയിട്ടുണ്ടെന്നും അബു സലിം ആരോപിച്ചു. ചോട്ടാ രാജൻ എന്ന ഗ്യാങ്സ്റ്ററിന്റെ സഹായത്തോടെയാണ് മനീഷ മുഗേഷ് ദഗലിനെ വകവരുത്തിയത്, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനായ അനീസ് ഇബ്രാഹിം ആണ് മനീഷയ്ക്ക് വേണ്ടി അജിത്ത് ദീവാനിയെ വകവരുത്തിയതെന്നും അബു സലീം ആരോപിച്ചു.
എന്നാൽ അബു സലിമിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് മനീഷ കൊയ്രാളയ്ക്ക് ഈ വിവാദത്തിൽ നിന്ന് ഒഴിവാകാൻ കഴിഞ്ഞത്. ബോളിവുഡിനെയും അധോലോകത്തെയും ബന്ധിപ്പിച്ച നിരവധി സംഭവ വികാസങ്ങൾ ഉണ്ടായിട്ടുണ്ട്. ബോളിവുഡിന്റെ ഇരുണ്ട വശങ്ങളിലൊന്നായാണ് അധോലോകത്തിന്റെ സാന്നിധ്യത്തെ പൊതുവെ കാണുന്നത്.
സൂപ്പർസ്റ്റാറുകളെ വരെ സ്വാധീനിക്കാൻ അധോലോക നേതാക്കൾക്ക് കഴിയുന്നു. 2000 ൽ ചോരി ചോരി ചുപ്കെ എന്ന സിനിമയുടെ സമയത്ത് വന്ന അധോലോക ഭീഷണി വലിയ തോതിൽ ചർച്ചയായിരുന്നു. അധോലോക ഭീഷണി പാെലീസ് കേസായെങ്കിലും കോടതിയിലെത്തിയപ്പോൾ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നീ സൂപ്പർസ്റ്റാറുകൾ മാെഴി മാറ്റി. എന്നാൽ അന്ന് നടി പ്രീതി സിന്റ അധോലോക നേതാക്കൾക്കെതിരെ മൊഴി നൽകി. രണ്ട് മാസത്തോളം പൊലീസ് സംരക്ഷണയിലായിരുന്നു പ്രീതി സിന്റ. അധോലോക സ്വാധീനത്തെ സംബന്ധിച്ച് ചില കോൺപിറസി തിയറികളും ബോളിവുഡിൽ വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. നടി ദിവ്യ ഭാരതിയുടെ മരണത്തിന് പിന്നിൽ അധോലോക നേതാക്കളാണെന്ന് ഒരു കാലത്ത് ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ നടി ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചതാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. . 1993 ൽ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിച്ചത്. അഞ്ചാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണായിരുന്നു നടിയുടെ മരണം.
© Copyright 2024. All Rights Reserved