ജീവിതത്തിന്റെ വലിയൊരു കാലയളവ് ആഗോള ദൗത്യങ്ങളുടെ ചുക്കാൻ പിടിക്കുന്ന ഐക്യരാഷ്ട്രസഭയിൽ ചിലവഴിച്ച ശശി തരൂർ 166 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ മുഖ്യ രക്ഷാധികാരിയായിട്ടെത്തുന്നത് സംഘടനയ്ക്ക് പുതിയ ദിശാബോധം നല്കുമെന്നതിൽ സംശയമില്ല. രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യൻ പാർലമെൻററി രാഷ്ട്രീയത്തിൽ തുടർന്ന് കൊണ്ടിരിക്കുന്ന ഈ അജയ്യ സാന്നിധ്യം ഇന്ത്യക്കാരായ പ്രവാസികളോട് പുലർത്തുന്ന അർപ്പണ മനോഭാവമാണ് ഇത്തരമൊരു സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടാൻ വേൾഡ് മലയാളി ഫെഡറേഷനെ പ്രേരിപ്പിച്ചത്. വേൾഡ് മലയാളി ഫെഡറേഷന്റെ വിയന്നയിലെ ഹെഡ് ക്വാർട്ടേഴ്‌സ് സന്ദർശനവേളയിൽ ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേലുമായും ഗ്ലോബൽ വൈസ് പ്രസിഡന്റ് സിറോഷ് ജോർജുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ശശി തരൂർ WMF ന്റെ ചീഫ് പാട്രൺ എന്ന സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ പ്രവർത്തിച്ച് ആഗോള തലത്തിൽ പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങളെ പറ്റിയുള്ള നേരിട്ടുള്ള അറിവുള്ളതിനാൽ അദ്ദേഹത്തിന് സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്തു പകരാനാകും.
ഒരു പൊതുപ്രവർത്തകൻ എന്നതിനേക്കാൾ ഉപരി സർഗ്ഗധനനായ ഒരു എഴുത്തുകാരൻ എന്ന നിലയിൽ കൂടി ശശി തരൂരിന് വേൾഡ് മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് നമ്മുടെ സംഘടനയുടെ വിശാലമായ കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായ പുതിയ ദൗത്യങ്ങൾക്ക്, മാർഗ്ഗദീപമാകാൻ സാധിക്കും എന്നാണ് നാം പ്രതീക്ഷിക്കുന്നത്. അന്ധകാരത്തിലായ ഭാരതത്തിന്റെ ഭൂതകാലവിസ്മൃതികളെ പറ്റി ശശി തരൂർ രചിച്ച പുസ്തകങ്ങൾ ഇന്ത്യയെ കണ്ടെത്തലുകളാണ്. വിശാലമായ പദസമ്പത്തും ആഴത്തിലുള്ള ചരിത്രാവബോധവും തരൂർ രചനകളുടെ സൗന്ദര്യം വർധിപ്പിച്ചു. അദ്ദേഹത്തിൻ്റെ മാർഗനിർദേശത്തിന് കീഴിൽ, നമ്മുടെ ഭാഷ, കല, സാംസ്കാരികപാരമ്പര്യം എന്നിവയെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ വിഭാവനം ചെയ്യാൻ നമ്മുക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
വേൾഡ് മലയാളി ഫെഡറേഷന്റെ മുന്നോട്ടുള്ള യാത്രയിൽ ഇനി തരൂർ എന്ന സർഗ്ഗസാന്നിധ്യമുണ്ടാകും. ശശി തരൂരിനെ മുഖ്യ രക്ഷാധികാരിയായി ഉൾപ്പെടുത്തി യാത്ര തുടരുമ്പോൾ, ആഗോളമലയാളികളെ ഏകോപിപ്പിക്കുന്ന ഉദ്യമത്തിൽ ഞങ്ങളോടൊപ്പം ചേരാൻ എല്ലാ മലയാളികളെയും ഞങ്ങൾ ക്ഷണിക്കുകയാണ്. ഭൂതകാലത്തെ ബഹുമാനിക്കുന്ന, വർത്തമാനകാലവുമായി ഇടപഴകുന്ന, ശോഭനമായ ഭാവിയെ സ്വപ്നം കാണുന്ന ഒരു കൂട്ടായ്മയെ നമ്മൾ ഒരുമിച്ച് വളർത്തും. വൈവിധ്യങ്ങളാൽ സമ്പന്നവും ലക്ഷ്യത്തിൽ ഏകീകൃതവുമായ ആഗോള മലയാളി എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് കുതിക്കാം. ശ്രീ ശശി തരൂരിന് ആഗോള മലയാളിയുടെ അഭിമാനക്കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഒപ്പം തരൂരിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും WMF ഭാരവാഹികൾ അറിയിച്ചു .
© Copyright 2024. All Rights Reserved