ഇന്ത്യ – ബ്രിട്ടൻ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനു പുതിയ കരാറുകൾ മുന്നോട്ടുവച്ച് ബ്രിട്ടിഷ് മന്ത്രിമാർ. ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായാണ് കയറ്റുമതിയും നിക്ഷേപവുമായി ബന്ധപ്പെട്ട 17 പുതിയ കരാറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യ, ജീവ ശാസ്ത്രം തുടങ്ങി മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതാണ് പുതിയ കരാറുകൾ.
-------------------aud--------------------------------
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം നൂറുകണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കരാർ കാരണമാകുമെന്ന് ബ്രിട്ടിഷ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ബ്രിട്ടിഷ് നിക്ഷേപ മന്ത്രി പോപ്പി ഗുസ്താഫ്‌സനും പറഞ്ഞു.
കഴിഞ്ഞ വർഷം മാത്രം, ഇന്ത്യയും യുകെയുമായുള്ള വ്യാപാരം 4100 കോടി പൗണ്ടിന്റെ വളർച്ച രേഖപ്പെടുത്തി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണമാണ് കാണിക്കുന്നത്. ഇൻഷുറൻസ് രംഗത്ത് നൂറു ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് പ്രഖ്യാപനം യുകെ കമ്പനികൾക്ക് ഇന്ത്യയിലുള്ള അവരുടെ സാന്നിധ്യം വിപുലീകരിക്കാൻ അവസരമൊരുക്കും. സർക്കാരിന്റെ പുതിയ നീക്കം ഇന്ത്യക്കാർക്ക് യുകെയിൽ നിക്ഷേപം തുടരാനുള്ള ആത്മവിശ്യാസം വർധിപ്പിക്കുന്നതാണ്. ഇന്ത്യക്കാർ യുകെയിൽ തുടർച്ചയായി നിക്ഷേപം നടത്തുന്നതും ഇന്ത്യ–യുകെ സാമ്പത്തിക ബന്ധം ശക്തിപ്പെടുന്നതിന്റെ മറ്റൊരു തെളിവാണെന്നും ഗുസ്താഫ്സന്‍ പറഞ്ഞു.
ഇന്ത്യ – ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ കൂടുതൽ സാമ്പത്തിക വളർച്ച ഉണ്ടാക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയെ പോലെ അനുനിമിഷം വളർന്ന സമ്പദ്‌വ്യവസ്ഥയുള്ള ഒരു രാജ്യവുമായി വ്യാപാര നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബ്രിട്ടിഷ് മന്ത്രിമാർ പറയുന്നു.
© Copyright 2024. All Rights Reserved