പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കാൻ സാധ്യത. ഇസ്രായേൽ പലസ്തീൻ യുദ്ധം ഒരു ഭാഗത്ത് നടക്കവെ കൂടുതൽ രാജ്യങ്ങളിൽ സ്‌ഫോടനങ്ങൾ. ഇസ്രായേലിനും അമേരിക്കക്കുമെതിരെ ശക്തമായ ഒരുക്കം നടത്തവെയാണ് ഇറാന് കനത്ത പ്രഹരമേറ്റിരിക്കുന്നത്. ഇറാന്റെ മുതിർന്ന സൈനിക കമാന്റർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ പലയിടത്തും യുഎസ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായി.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഷിയാ സംഘങ്ങൾക്കെതിരെ ആക്രമണം നടത്താൻ നിർദേശം നൽകിയതോടെ ഇറാഖിലെ വിവിധ കേന്ദ്രങ്ങളിൽ ഒരേ സമയം അമേരിക്കൻ മിസൈൽ പതിച്ചു. ഖാസിം സുലൈമാനിക്ക് ശേഷം ഇറാന് നഷ്ടപ്പെടുന്ന പ്രധാന കമാന്ററാണ് സയ്യിദ് റാസി മൂസവി. ഇറാൻ, ഇറാഖ്, സിറിയ, ലബ്‌നാൻ തുടങ്ങി രാജ്യങ്ങളിൽ ഷിയാ സംഘങ്ങളുടെ ഏകോപന ചുമതല ഇദ്ദേഹത്തിനായിരുന്നു.
സിറിയയുടെ തലസ്ഥാനമായ ദമസ്‌കസിനോട് ചേർന്ന പ്രദേശത്ത് വച്ചാണ് ഇറാൻ സൈനിക കമാന്ററായ മൂസവി തിങ്കളാഴ്ച രാത്രി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാൻ വിപ്ലവ ഗാർഡിന്റെ മുതിർന്ന ഉപദേഷ്ടാവാണ് ഇദ്ദേഹം. ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ തന്നെയാണ് മൂവസിയുടെ മരണ വിവരം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഇറാഖിൽ അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായി. പശ്ചിമേഷ്യയിൽ ഷിയാ സായുധ സംഘങ്ങളെ ഏകോപിപ്പിക്കുന്ന ചുമതലയായിരുന്നുവത്രെ മൂസവിക്ക്. സൈനബിയ്യ ജില്ലയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാൻ അറിയിച്ചു. ശക്തമായ തിരിച്ചടി ഇസ്രായേലിന് നൽകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി പ്രതികരിച്ചതായി ടെഹ്‌റാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1980കൾ മുതൽ സിറിയയിലും ലബ്‌നാനിലും പ്രവർത്തിക്കുന്ന ഇറാൻ കമാന്ററാണ് മൂസവി എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ വധിക്കാൻ പലതവണ ഇസ്രായേൽ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. 2020ൽ ഇറാഖിലെ ബഗ്ദാദിൽ വച്ച് ഖാസിം സുലൈമാനിയെ അമേരിക്കൻ സൈന്യം മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഇറാന് നഷ്ടമാകുന്ന മുതിർന്ന കമാന്ററാണ് മൂസവി.മൂസവിയുടെ കൊലപാത വിവരം പുറത്തുവന്നതോടെ ഇറാഖിൽ പലയിടങ്ങളിലും അമേരിക്കൻ സൈന്യത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. മൂന്ന് അമേരിക്കൻ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. ശക്തമായ തിരിച്ചടി നൽകാൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി. ഖതാഇബ് ഹിസ്ബുല്ല എന്ന ഷിയാ സംഘമാണ് അമേരിക്കൻ സൈനികരെ ആക്രമിച്ചത്. ഇവരുടെ നിരവധി പ്രവർത്തകരെ വധിച്ചുവെന്ന് യുഎസ് സൈന്യം അവകാശപ്പെട്ടു. പലസ്തീനിലും ലബ്‌നാനിലും ഒരേ സമയം ഇസ്രായേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് സിറിയയിൽ ആക്രമണം നടത്തിയത്. ഇറാഖിലേക്കും ഇപ്പോൾ ആക്രമണം വ്യാപിച്ചിരിക്കുന്നു. ഇതോടെ പശ്ചിമേഷ്യ കൂടുതൽ അശാന്തമാകുകയാണ്. ഇസ്രായേലിനെ സാമ്പത്തിക ഞെരുക്കത്തിലാക്കാൻ കടൽ ചരക്കുപാതകൾ ഇറാൻ തടയാൻ തുടങ്ങിയതോടെയാണ് മൂസവിയെ വധിക്കാൻ ഇസ്രായേൽ വീണ്ടും പദ്ധതിയൊരുക്കിയതും ലക്ഷ്യം കണ്ടതും.
© Copyright 2024. All Rights Reserved