വാഷിങ്ടൻ യെമനിൽ ഹുതികളെ പിന്തുണയ്ക്കുന്നതിന്
പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിൻ്റെ മുന്നറിയിപ്പ്. ഇറാനും യുഎസും തമ്മിൽ ആണവ കരാർ നടപ്പാക്കുന്നതു സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പീറ്റ് ഹെസെത് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 'ഹൂതികൾക്കുള്ള ഇറാന്റെ പിന്തുണയെ കുറിച്ച് ഞങ്ങൾക്കറിയാം. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്കു വ്യക്‌തമായി അറിയാം. യുഎസ് സൈന്യത്തിന് എന്തൊക്കെ സാധിക്കുമെന്ന് നിങ്ങൾക്കു നന്നായി അറിയാം. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഞങ്ങൾ തീരുമാനിക്കുന്ന സ്‌ഥലത്തും സമയത്തും നിങ്ങൾ പ്രത്യാഘാതം നേരിടേണ്ടി വരും' - പീറ്റ് ഹെഗ്സെത് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഹുതികൾ നടത്തുന്ന ഏത് ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഇറാനാണെന്നു കണക്കാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാർച്ചിലെ സമൂഹമാധ്യമ പോസ്‌റ്റും അദ്ദേഹം പിന്നാലെ പങ്കുവച്ചു. ഹൂതികൾ സ്വതന്ത്രമായാണു പ്രവർത്തിക്കുന്നതെന്ന് ഇറാൻ അടുത്തിടെ വ്യക്‌തമാക്കിയിരുന്നു. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹുതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മാർച്ചിൽ യുഎസ് വ്യോമാക്രമണം ആരംഭിച്ചത്. ഹുതികളെ ലക്ഷ്യമാക്കി ഇതിനോടകം ആയിരത്തിലേറെ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
© Copyright 2025. All Rights Reserved