ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലെ അർധ സെഞ്ച്വറിക്ക് പിന്നാലെ ടി20 റാങ്കിങിലെ ഒന്നാം സ്ഥാനം ഭദ്രമാക്കി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. രണ്ടാം സ്ഥാനത്തുള്ള പാകിസ്താൻ്റെ മുഹമ്മദ് റിസ്വാനെക്കാൾ ഏറെ മുന്നിലാണ് സൂര്യകുമാർ യാദവ്.
സൂര്യകുമാർ യാദവിന് 865 ഉം മുഹമ്മദ് റിസ്വാന് 787 പോയിൻ്റും ആണുള്ളത്. 36 പന്തുകളിൽ നിന്ന് 56 റൺസാണ് രണ്ടാം ടി20യിൽ സൂര്യകുമാർ യാദവ് നേടിയത്. ഇന്ത്യയുടെ പുത്തൻ ഫിനിഷർ റിങ്കു സിങിൻ്റെ റാങ്കിങാണ് ശ്രദ്ധേയം. 46 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ റിങ്കു, 59-ാം സ്ഥാനത്ത് എത്തി. രണ്ടാം ടി20യിൽ 39 പന്തുകളിൽ നിന്ന് 68 റൺസാണ് റിങ്കു അടിച്ചെടുത്തത്. ആസ്ട്രേലിയക്കെതിരായ പരമ്പരയിലും റിങ്കു ഫോമിലായിരുന്നു. ഇതുവരെ കളിച്ച പതിനൊന്ന് ടി20 മത്സരങ്ങളിൽ നിന്ന് 82.66 ആവറേജും 183.70 ആണ് റിങ്കുവിൻ്റെ സ്ട്രൈക്ക് റൈറ്റ്. അതേസമയം ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം സ്ഥാനം മെച്ചപ്പെടുത്തി. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താൻ മാർക്രമിനായി. ബംഗ്ലാദേശിന്റെ ശാക്കിബ് അൽ ഹസനാണ് ഒന്നാം സ്ഥാനത്ത്.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരം നഷ്ടമായെങ്കിലും ബൗളർമാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം തുടരുകയാണ് രവി ബിഷ്ണോയി. തുല്യ പോയിൻ്റുമായി റാഷിദ് ഖാനും ഒന്നാം സ്ഥാനത്താണ്. അതേസമയം മികവ് തുടർന്ന ദക്ഷിണാഫ്രിക്കയുടെ തബ്രിസ് ഷംസി, രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 10ൽ എത്തി.
© Copyright 2023. All Rights Reserved