ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു പിന്നാലെ പശ്ചിമേഷ്യയിലെത്തിയ ഭീമൻ യുദ്ധക്കപ്പൽ പിൻവലിച്ച് യു.എസ്. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് ആണ് കിഴക്കൻ മധ്യധരണ്യാഴിയിൽനിന്നു മടങ്ങിയത്. യു.എസ് നാവികസേനയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പഴയ താവളത്തിലേക്കാണ് ജെറാൾഡ് ആർ. ഫോർഡ് മടങ്ങുന്നത്. ഫോർഡിനൊപ്പമുണ്ടായിരുന്ന മറ്റു കപ്പലുകളും ഇവിടെനിന്നു മാറ്റും. ഹമാസ് ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിനു സൈനികസഹായവുമായി കപ്പൽ മധ്യധരണ്യാഴിയിൽ നങ്കൂരമിട്ടത്. 4,000 സൈനികരും എട്ട് യുദ്ധവിമാനങ്ങളും അടങ്ങുന്നതായിരുന്നു കപ്പൽ. കഴിഞ്ഞ മാസം യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നടത്തിയ പശ്ചിമേഷ്യൻ പര്യടനത്തിനിടെ കപ്പലും സന്ദർശിച്ചിരുന്നു.
യു.എസ്.എസ് ഡൈ്വറ്റ് ഡി. ഐസനോവർ ഉൾപ്പെടെ വേറെയും യുദ്ധക്കപ്പലുകൾ ഫോർഡിനൊപ്പമുണ്ടായിരുന്നു. ചെങ്കടലിൽ ഹൂത്തി ഭീഷണി ഉയർന്നതോടെ ഈ കപ്പലുകളെ അങ്ങോട്ടേക്കു മാറ്റി. ഇസ്രായേലിലേക്കുള്ള കപ്പലുകൾ ലക്ഷ്യമിട്ടുള്ള ഹൂത്തി ആക്രമണം ചെറുക്കാനായായിരുന്നു കപ്പലുകളെ മാറ്റിവിന്യസിച്ചത്. ഏദൻ ഉൾക്കടലിലാണ് നിലവൽ ഐസനോവറുള്ളത്. കഴിഞ്ഞ ഞായറാഴ്ച ചരക്കുകപ്പലായ മേഴ്‌സ്‌ക് ഹാങ്‌ഷോയ്‌ക്കെതിരായ ഹൂത്തി ആക്രമണം കപ്പൽ തകർത്തിരുന്നു. മേഴ്‌സ്‌കിനെ ആക്രമിച്ച നാല് ഹൂത്തി ബോട്ടുകൾ കപ്പലിലെ ഹെലികോപ്ടറുകൾ വെടിവച്ചിടുകയായിരുന്നു.
മേഖലയിലെ സ്ഥിതിഗതികൾ പ്രതിരോധ വിഭാഗം വിലയിരുത്തിവരികയാണെന്ന് യു.എസ് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. മധ്യധരണ്യാഴിയിലും പശ്ചിമേഷ്യയിലുമെല്ലാം സൈനികസന്നാഹം കൂടുതൽ ശക്തമാക്കും. സഖ്യകക്ഷികളുമായി ചേർന്നു മേഖലയിലെ സമുദ്ര സുരക്ഷ ശക്തമാക്കും. പുറത്തുനിന്നുള്ള കക്ഷികൾ സംഘർഷത്തിൽ ഇടപെടുന്നതും ഗസ്സയ്ക്കു പുറത്തേക്ക് ഇതു വ്യാപിക്കുന്നതും തടയുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗസ്സയിൽനിന്ന് ആയിരക്കണക്കിനു സൈനികരെ തിരിച്ചുവിളിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്(ഐ.ഡി.എഫ്) വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കൂടുതൽ ശക്തി സംഭരിച്ച് ഇവർ മടങ്ങിവരുമെന്നായിരുന്നു വിശദീകരണം. സൈനികർക്കു വിശ്രമം അനുവദിക്കും. ഇതോടൊപ്പം റിസർവ് സേനയിലുള്ള സിവിലിയന്മാരെയും നാട്ടിലേക്ക് അയയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
© Copyright 2025. All Rights Reserved