ഇസ്‌ലാമിന് യൂറോപ്പിൽ സ്ഥാനമില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയും പൂർണമായി പൊരുത്തപ്പെടുന്നില്ല. ശരീഅത്ത് നിയമം ഇറ്റലിയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജോർജിയ മെലോണി വ്യക്തമാക്കി.
ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയുടെ മൂല്യങ്ങളും അവകാശങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ട്. നമ്മുടെ നാഗരികതയുടെ മൂല്യങ്ങൾ വ്യത്യസ്‌തമാണെന്നും ജോർജിയ മെലോണി ചൂണ്ടിക്കാട്ടി. റോമിൽ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മെലോണി.
രണ്ടാം ലോക മഹായുദ്ധത്തിനും ബെനിറ്റോ മുസോളിനിക്കും ശേഷം ഇറ്റലിയിൽ അധികാരത്തിലേറുന്ന തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാരാണ് 45കാരിയായ ജോർജിയ മെലോണിയുടേത്. ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി നേതാവായ മെലോണിയുടെ ആരാധ്യപുരുഷൻ ഇറ്റാലിയൻ ഏകാധിപതിയും ഫാഷിസത്തിൻ്റെ സ്ഥാപകനുമായ മുസോളിനിയാണ്.
മുസ്‌ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചു പുലർത്തുന്ന മെലോണി വലിയ വേദികളിലൊക്കെ തൻ്റെ തീവ്രവാദ നിലപാടുകൾ തുറന്നു പറയാറുണ്ട്.
2018ലെ പൊതു തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് മാത്രമാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിക്ക് നേടാനായത്. നാല് ശതമാനം പിന്തുണയിൽ നിന്ന് 25 ശതമാനത്തിലേക്ക് പാർട്ടിയെ എത്തിക്കുന്നതിൽ മെലോണി വിജയിച്ചതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്.
© Copyright 2024. All Rights Reserved