ഇൻഹെറിറ്റൻസ് ടാക്‌സ് നേർപകുതിയായി കുറച്ച് ലേബർ പാർട്ടിക്ക് എതിരെ ശക്തമായി നിലയുറപ്പിക്കാൻ തീരുമാനിച്ചുറച്ച് ജെറമി ഹണ്ട്. പരമ്പരാഗത സ്വത്ത് കൈമാറുമ്പോൾ വരുന്ന നികുതി ഏറെ വിവാദങ്ങൾ ക്ഷണിച്ച് വരുത്തുന്നതാണ്. മാർച്ച് ബജറ്റിൽ ഇത് ഉൾപ്പെടെ നികുതികൾ കുറച്ച് തെരഞ്ഞെടുപ്പിന് കളമൊരുക്കുമെന്നാണ് കരുതുന്നത്.
നികുതികൾ കുറയ്ക്കാൻ തയ്യാറാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനാകും സൂചന നൽകി. ഇൻഹെറിറ്റൻസ് ടാക്‌സ് പൂർണ്ണമായി റദ്ദാക്കുമെന്ന റിപ്പോർട്ടുകൾ ഡൗണിംഗ് സ്ട്രീറ്റ് തള്ളിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ഹെഡ്‌ലൈൻ നിരക്ക് 40 പെൻസ് എന്നതിൽ നിന്നും 20 പെൻസിലേക്ക് ചുരുക്കാനുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്.
നവംബറിൽ ഓട്ടം സ്‌റ്റേറ്റ്‌മെന്റിന് മുൻപ് തന്നെ ഹണ്ട് പദ്ധതിക്കുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കിയിരുന്നതായി ട്രഷറി വൃത്തങ്ങൾ പറയുന്നു. എന്നാൽ നാഷണൽ ഇൻഷുറൻസിൽ 2 പെൻസ് വെട്ടിക്കുറയ്ക്കാനുള്ള സുപ്രധാന പദ്ധതി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയും, ചാൻസലറും തീരുമാനം എടുത്തതോടെയാണ് മറ്റ് പദ്ധതികൾ മാറ്റിവെച്ചത്. നാഷണൽ ഇൻഷുറൻസ് കുറച്ച് ഭാരം കുറയ്ക്കാനുള്ള തീരുമാനം അടുത്ത ആഴ്ച നിലവിൽ വരും.
ഇൻഹെറിറ്റൻസ് ടാക്‌സ് നേർപകുതിയാക്കുന്ന പദ്ധതി അടുത്ത ബജറ്റിലെ സുപ്രധാന പ്രഖ്യാപനമാകുമെന്നാണ് ഇതോടെ കരുതുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പ്രധാന വെടിപൊട്ടിക്കലായി ഇത് മാറും. ബജറ്റ് മാർച്ച് 6ന് നടത്തുമെന്ന് സർക്കാർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി മേയ് 2 തെരഞ്ഞെടുപ്പിനുള്ള സമയമായി തീരുമാനിക്കാൻ സുനാകിന് സാധിക്കും.
© Copyright 2024. All Rights Reserved