ഡബ്ല്യൂ എക്സ് ചാർട്ടിന്റെ പ്രവചനം അനുസരിച്ച് മാർച്ച് ഒന്നു മുതൽ മഞ്ഞുവീഴ്ച ആരംഭിക്കും. കടുത്ത തണുപ്പിനെതിരെ കരുതലെടുക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. മഞ്ഞുവീഴ്ച്ചക്ക് തൊട്ടുപുറകെ മഴയും എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. പ്ലിമത്ത് മുതൽ കിൽമെർനോക്ക് വരെ ബ്രിട്ടീഷ് പശ്ചിമ തീര പ്രദേശങ്ങളിലും അതുപോലെ നോർത്തേൺ അയർലൻഡിലും ആയിരിക്കും മഴ പ്രധാനമായും ലഭിക്കുക.
അതുപോലെ മാഞ്ചസ്റ്റർ, ബിർമ്മിംഗ്ഹാം, മിഡിൽസ്ബറോ, സ്വിൻഡൻ തുടങ്ങിയ ഇടങ്ങളിലും മഴ കാര്യമായി ലഭിക്കും എന്ന് കാലാവസ്ഥാ ഭൂപടത്തിൽ പറയുന്നു. എന്നാൽ, രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ മഞ്ഞുവീഴ്ചക്ക് സാധ്യതയില്ല. ഇവിടെ മഴ ലഭിക്കും. മദ്ധ്യ സ്‌കോട്ട്ലാൻഡിൽ താപനില മൈനസ് ഏഴ് ഡിഗ്രി വരെ എത്തുമ്പോൾ വടക്കൻ സ്‌കോട്ട്ലാൻഡിൽ താപനില മൈനസ് അഞ്ച് ഡിഗ്രിക്കും മൈനസ് ഒന്ന് ഡിഗ്രിക്കും ഇടയിലായി തുടരും. നോർത്തേൺ അയർലൻഡിൽ പൂജ്യത്തിന് അടുത്തായിരിക്കും താപനില എന്നും എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
വടക്കൻ ഇംഗ്ലണ്ടിൽ മാഞ്ചസ്റ്ററിനും ന്യുകാസിലിനും ഇടയിൽ താപനില പൂജ്യം മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ആയി തുടരുമ്പോൾ വെയ്ൽസിൽ താപനില ഏതാണ് 3 ഡിഗ്രിയും മിഡ്ലാൻഡ്സിലും തെക്കൻ ഇംഗ്ലന്റിലും ആറു ഡിഗ്രി സെൽഷ്യസും ആയി തുടരും. പിന്നീട് മാർച്ച് ഒൻപതിനും 10 നുമാണ് മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്. ശനിയാഴ്ചയോടെ മഴയുടെ ശക്തി കുറയുകയും, മിക്ക ഭാഗങ്ങളിലും വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യുമെന്നും ഡബ്ല്യൂ എക്സ് ചാർട്ട് വക്താവ് പറയുന്നു.
ഞായറാഴ്ചയോടെ തുടർച്ചയായ മഴയും ശക്തമായ കാറ്റുകളും ചില തെക്കൻ പ്രദേശങ്ങളിലേക്ക് വ്യാപിക്കുവാൻ സാധ്യതയുണ്ട്. എന്നാൽ വിദൂര ഉത്തര പ്രദേശങ്ങളിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. മാർച്ച് മദ്ധ്യത്തോടെ പതിവിലും തണുപ്പേറിയ കാലാവസ്ഥ ആയിരിക്കുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗ്രീൻലാൻഡിനും ഐസ്ലാൻഡിനും മുകളിലായി ഉന്നത മർദ്ദം രൂപപ്പെടുകയും തെക്കും തെക്ക് പടിഞ്ഞാറും ഭാഗങ്ങളിൽ മർദ്ദം കുറയുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നതിനാലാണിത്.
© Copyright 2023. All Rights Reserved