ഉത്തരാഖണ്ഡിൽ ടണലിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം വിജയത്തിനരികെ. വെളിച്ചം കാണാതെ, പുറംലോകം കാണാതെ, പ്രിയപ്പെട്ടവരെ കാണാതെ നീണ്ട 11 ദിവസങ്ങൾ. ഉത്തരാഖണ്ഡ് സിൽക്യാരയിലെ തകർന്ന തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഒരാഴ്‌ചയിലധികമായി. ഇതിനിടയിൽ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടെങ്കിലും പ്രതീക്ഷയോടെ കഴിയുകയാണ് തൊഴിലാളികൾ.
ഇനി 15 മീറ്റർ കൂടി തുരന്നാൽ പൈപ്പ് സ്‌ഥാപിക്കൽ പൂർത്തിയാകും. വൈകുന്നേരത്തോടെ ഇത് പൂർത്തിയാക്കാനാണ് ശ്രമം. 48 മീറ്ററാണ് ഇതുവരെ ഡ്രില്ല് ചെയ്തത്. എല്ലാവരെയും എത്രയും പെട്ടെന്ന് സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് മണിക്കൂർ കൂടി തുടർച്ചയായി തുരക്കാൻ സാധിച്ചാൽ പൈപ്പ് സ്‌ഥാപിക്കുന്നത് പൂർത്തിയാക്കാൻ സാധിക്കും. തുടർന്ന് തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കും. പുറത്തെത്തിച്ചശേഷം ഇവരുടെ ആരോഗ്യസ്‌ഥിതി പരിശോധിക്കും. വലിയ പ്രശ്‌നമില്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ചശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. അതിനായി തുരങ്കത്തിന് സമീപത്തായി ഹെലിപാഡ് സജ്‌ജമാക്കിയിട്ടുണ്ട്.
അമേരിക്കൻ നിർമിത ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചുള്ള പ്രവർത്തനം തടസ്സപ്പെട്ടാൽ മറ്റ് അഞ്ച് മാർഗങ്ങൾ കൂടി രക്ഷാപ്രവർത്തനത്തിനായി തയാറാക്കിയിട്ടുണ്ട്. കുന്നിന് മുകളിൽ നിന്ന് താഴേക്ക് കുഴിച്ച് തൊഴിലാളികളുടെ അടുത്തേക്ക് എത്താനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്. മല തുരന്ന് തൊഴിലാളികളുള്ള സ്ഥലത്തേക്ക് എത്തണമെങ്കിൽ 15 ദിവസമെടുക്കും. തൊഴിലാളികൾക്ക് പഴങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും അയച്ചതായി തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളി പുഷ്‌കർ സിംഗ് യെറിയുടെ സഹോദരൻ വിക്രം സിംഗ് യെറി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സഹോദരൻ മൊബൈൽ ചാർജർ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുഹാ മുഖങ്ങളിൽ നിന്ന് തിരശ്ചീനമായി സുരക്ഷാ പാത ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. തുരങ്കത്തിൻ്റെ ഇരു വശങ്ങളിലും ഓഗർ മെഷീൻ ഉപയോഗിച്ചുള്ള തുരങ്കപാത ഒരുക്കുകയാണ് രക്ഷാപ്രവർത്തകർ. കഴിഞ്ഞ ദിവസം സ്ഥാപിച്ച 6 ഇഞ്ച് പൈപ്പ് വഴി കൂടുതൽ ഭക്ഷണ പദാർത്ഥങ്ങളും മരുന്നുകളും നൽകാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
© Copyright 2024. All Rights Reserved