ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, മേപ്പാടി, വിലങ്ങാട് പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കു കേന്ദ്ര സഹായം വൈകുന്നതിനെതിരെ ഡൽഹിയിൽ യോജിച്ച പ്രക്ഷോഭത്തിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. 25ന് ആരംഭിക്കുന്ന ശൈത്യകാല ലോക്സഭാ സമ്മേളനത്തിനു മുന്നോടിയായാണ് കേരളത്തിന്റെ ആവശ്യങ്ങൾ എംപിമാരെ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചത്. പാർലമെന്റിന് അകത്തും പുറത്തും യോജിച്ച പ്രതിഷേധങ്ങൾക്ക് എൽഡിഎഫ്, യുഡിഎഫ് എംപിമാർ ഒരുമിച്ചു നീങ്ങും. പാർലമെന്റിനു പുറത്തെ പ്രതിഷേധങ്ങൾ എങ്ങനെ വേണമെന്ന് എംപിമാർ ഡൽഹിയിൽ തീരുമാനിക്കും. ബിജെപി എംപിമാർ യോഗത്തിനെത്തിയില്ല.
-------------------aud--------------------------------
ദുരന്ത നിവാരണ നിയമ പ്രകാരം അതിതീവ്ര ഗണത്തിൽപെട്ട ദുരന്തമായിട്ടും ആ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയാറായില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഈ നിയമ പ്രകാരമുള്ള ആശ്വാസ നടപടികൾ ഇതു കാരണം വൈകുകയാണ്. പ്രധാനമന്ത്രിയുടെയും കേന്ദ്ര സംഘത്തിന്റെയും സന്ദർശനത്തിനു ശേഷം 1,202 കോടി രൂപ സഹായം ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമർപ്പിച്ചിട്ടും കേന്ദ്രം ഒന്നും ചെയ്തില്ല. കേന്ദ്ര തീരുമാനം വൈകിയാലും മേപ്പാടിയിൽ സമഗ്രമായ ടൗൺഷിപ് നിർമിക്കുന്നതിനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടു പോകും. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷിരാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എംപിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിനു കിട്ടേണ്ട വിഹിതം ലഭിക്കാൻ ഒന്നിച്ചുള്ള ശ്രമങ്ങൾക്ക് തയാറാണെന്നും നാടിന്റെ പൊതുവായ കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കുമെന്നും എംപിമാർ പറഞ്ഞു.
© Copyright 2024. All Rights Reserved