പദ്ധതിയിൽ നിരവധി പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്ന് ഇ വിസ പ്രാബല്യത്തിൽ വരുത്താനുള്ള പദ്ധതി നീട്ടിവയ്ക്കുവാൻ ഹോം ഓഫീസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ബ്രിട്ടനിൽ താമസിക്കുന്നതിനും, ജോലി ചെയ്യുന്നതിനും അവകാശമുള്ളവർക്ക് അവരുടെ ഇ വിസ ലഭിക്കുന്നതിനോ, ഇമിഗ്രേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനോ കഴിഞ്ഞേക്കില്ല എന്ന് നിരവധി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് ഇത്തരമൊരു ആലോചന.
-------------------aud--------------------------------
ഈ വരുന്ന ഡിസംബർ 31 മുതൽ, ആളുകളുടെ ബ്രിട്ടനിൽ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും ഉള്ള തെളിവായും, അതുപോലെ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നതിനും ഫിസിക്കൽ ബയോമെട്രിക് കാർഡുകൾക്ക് പകരമായി ഇ വിസ കൊണ്ടുവരാനായിരുന്നു സർക്കാർ ആലോചിച്ചിരുന്നത്. ബ്രിട്ടനിൽ ആരൊക്കെ, താമസിക്കുവാനും, ജോലി ചെയ്യുവാനും, പഠിക്കാനും വരുന്നു എന്നത് വ്യക്തമായി അറിയുന്നതിനും അവർക്ക് മേൽ നിയന്ത്രണം ഉറപ്പാക്കുന്നതിനുമായി ഇ വിസ എന്ന നിർദ്ദേശം ആദ്യമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ഏപ്രിലിൽ മുൻ സർക്കാരിന്റെ കാലത്താണ്. അതിർത്തി സുരക്ഷ ഉറപ്പാക്കുക, ഇമിഗ്രേഷൻ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയുക എന്നിവയും ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ, അപേക്ഷിച്ചിട്ടും ഇ വിസ കിട്ടാതിരുന്ന നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ ഐ ടി പ്രശ്നങ്ങൾ കാരണം,നിർവധി പേർ തെരുവിലാകുമോ എന്ന ആശങ്കയാണ് ഇത് ഉയർത്തിയിരിക്കുന്നത്. പരസഹായമില്ലാതെ ഇ വിസ നേടുവാൻ കഴിയാത്തവരെ സഹായിക്കുന്നതിനായി നിരവധി സംഘടനകൾക്കായി ഹോം ഓഫീസ് നാലു മില്യൺ പൗണ്ട് നീക്കി വച്ചിരുന്നു. അതുപോലെ, ഇ വിസയെ കുറിച്ച്, ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനായി ദേശീയ തലത്തിൽ തന്നെ ഒരു പ്രചാരണത്തിന് ഈയാഴ്ച തുടക്കം കുറിക്കുന്നുമുണ്ട്. എന്നിരുന്നാലും, ഇത് നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുന്നതിനാണ് ഇപ്പോൾ മൈഗ്രേഷൻ മിനിസ്റ്റർ സീമ മൽഹോത്ര ശ്രമിക്കുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
© Copyright 2024. All Rights Reserved