ജൂനിയർ ഡോക്ടർമാരുടെ സമരം തുടരുന്നതിനിടയിൽ, എൻ എച്ച് എസ്സിനെ പ്രശ്നത്തിലാക്കികൊണ്ട് നഴ്സസ് യൂണിയനും സമരത്തിലേക്ക് . ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, എൻ എച്ച് എസ്സ് പേയ് റിവ്യു ബോർഡ് വൈകിക്കുന്നതിനാലാണിത്. പുതിയതായി നിയമിക്കപ്പെട്ട യു കെ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി, വിക്ടോറിയ ആറ്റ്കിൻസ് പേയ് റിവിഷൻ ബോർഡിനുള്ള കത്ത് പ്രസിദ്ധപ്പെടുത്തിയത്.
ഈ കത്തിൽ നിന്നാണ് ശമ്പള വർദ്ധനവിന്റെ പ്രക്രിയകൾ ആരംഭിക്കുക. സാധാരണയായി ഇത് ശരത്ക്കാലത്താണ് പ്രസിദ്ധപ്പെടുത്തുക. അങ്ങനെയായാൽ, യു കെ സർക്കാരിന്റെ വസന്തകാല ബജറ്റിൽ ഇതിനുള്ള തുക ഉൾക്കൊള്ളിക്കാനും ഏപ്രിൽ മുതൽ ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുത്താനും കഴിയും. എന്നാൽ, പെയ് റിവിഷൻ ബോർഡ്, ഇടക്കാല ചെയർമാൻ സ്റ്റീഫൻ ബോയ്ലിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആറ്റ്കിന്റെ കത്തിൽ 2024 മേയ് മാസത്തോടെ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് പറയുന്നത്. അതായത്, പുതിയ ശമ്പളം പ്രാബല്യത്തിൽ വരേണ്ടതിനും ഒരു മാസം കഴിഞ്ഞു.
ശമ്പളവർദ്ധനവിനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് നടപ്പാക്കാവുന്ന വിധത്തിൽ ഉള്ളതായിരിക്കണം എന്നും കത്തിൽ പറയുന്നുണ്ട്. ഏതായാലും, കത്ത് പ്രസിദ്ധപ്പെടുത്താൻ ആറ്റ്കിൻ കാലതാമസം വരുത്തിയതിനെതിരെ നഴ്സിംഗ് യൂണിയനുകൾ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. അതുവഴി ശമ്പള വർദ്ധനവ് കൃത്യസമയത്ത് ലഭിക്കില്ല എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പ്രാബല്യത്തിൽ വരാൻ വൈകിയാലും, ഏപ്രിൽ മുതൽ പിൻകാല പ്രാബല്യത്തോടെയായിരിക്കും അത് നടപ്പിലാക്കുക.
മാത്രമല്ല, കുറവ് വർദ്ധനവ് മാത്രം റിപ്പോർട്ട് ചെയ്യുന്നതിനായി ബോർഡിനെ സർക്കാർ നിർബന്ധിതമാക്കുകയാണെന്നും അവർ ആരോപിക്കുന്നു. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട തങ്ങളുടെ സർക്കാരുമായുള്ള തർക്കം നിലനിൽക്കുകയാണെന്നും 2024-ൽ കൂടുതൽ സമരങ്ങൾ ഉണ്ടായേക്കാമെന്നും റോയൽ കോളേജ് ഓഫ് നഴ്സിംഗ് ജനറൽ സെക്രട്ടറി പാറ്റ് കല്ലൻ പറയുന്നു. സ്വതന്ത്രമായി നടക്കേണ്ടുന്ന ഒരു പ്രക്രിയയ്ക്ക് സർക്കാർ നിർദ്ദേശങ്ങൾ നൽകി കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു.
ക്രിസ്മസ്, ന്യൂഇയർ സമയത്ത് നടക്കുന്ന ജൂനിയർ ഡോക്ടർമാരുടെ സമരങ്ങൾ മൂലം 300,000-ലേറെ എൻഎച്ച്എസ് അപ്പോയിന്റ്‌മെന്റുകൾ റദ്ദാകുമെന്ന് കണക്കുകൾ വന്നു കഴിഞ്ഞു. മൂന്ന് ദിവസത്തെ പണിമുടക്കിന്റെ ഭാഗമായി ഡോക്ടർമാർ സ്‌റ്റെതസ്‌കോപ്പ് താഴെവെച്ച് സമരമുഖത്താണ്. ഇതിന് ശേഷം ജനുവരി 3 മുതൽ ആറ് ദിവസം നീളുന്ന പണിമുടക്ക് കൂടി നടത്തുന്നതോടെ എൻഎച്ച്എസ് സേവനങ്ങൾ താറുമാറാകും. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും, മന്ത്രിമാരും ആഴ്ചകളായി നടത്തിവന്നിരുന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് തുടങ്ങിയത്. ഗവൺമെന്റ് 2023/24 വർഷത്തേക്ക് ശരാശരി 8.8 ശതമാനം വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർക്ക് ഓഫർ ചെയ്ത്. ഇത് അന്തിമമാണെന്ന് പറഞ്ഞെങ്കിലും പിന്നീട് ഹെൽത്ത് സെക്രട്ടറി 3 ശതമാനം കൂടി വർദ്ധനയ്ക്ക് തയ്യാറായി. എന്നാൽ ഇത് പോരെന്ന് ആവർത്തിച്ചാണ് ബിഎംഎ സമരത്തിലേക്ക് നീങ്ങിയത്.
35 ശതമാനത്തിൽ കുറഞ്ഞതൊന്നും പറ്റില്ലെന്നാണ് ബിഎംഎയുടെ നിലപാട്.
© Copyright 2023. All Rights Reserved