മൃഗങ്ങളിൽ നിന്ന് ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ കടിയേറ്റ പല്ലിന്റെ ഒരു അടയാളത്തിന് 10,000 രൂപയും മാംസം കടിച്ചെടുത്താൽ 20,000 രൂപയും നൽകണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നായ്ക്കൾ, കന്നുകാലികൾ തുടങ്ങി അലഞ്ഞുതിരിയുന്ന മൃഗങ്ങൾ ആക്രമിക്കുന്ന കേസുകളിൽ നഷ്ടപരിഹാരം നൽകേണ്ടത് സംസ്ഥാനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ആണെന്നും വിധിയിൽ വ്യക്തമാക്കുന്നു.കടിയേറ്റ ഭാഗത്തെ ഓരോ പല്ലിന്റെ അടയാളത്തിനും 10,000 രൂപയും മാംസം നഷ്ടപ്പെട്ട ഭാഗത്തെ 0.2 സെന്റീമീറ്റർ മുറിവിന് കുറഞ്ഞത് 20,000 രൂപയും നൽകണമെന്നാണ് കോടതി വിധിയിലുള്ളത്. അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട 193 ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
തെരുവ് നായ ശല്യം സംബന്ധിച്ച് രാജ്യത്ത് വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് വിധി. ഒക്ടോബറിൽ വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ 49 കാരനായ പരാഗ് ദേശായിയുടെ മരണംവലിയ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിലുൾപ്പെടെ എല്ലാ തലങ്ങളിലും തെരുവു നായകളുടെ ആക്രമണം വലിയ ചർച്ചയായിരുന്നു. മൃഗങ്ങളുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി മരണങ്ങളും പരിക്കുകളും ഉണ്ടായി. ഇത്തരം കേസുകളിൽ ജനരോഷം വർദ്ധിക്കുന്നത് മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്കും നയിച്ചു.2001ന് മുമ്പ് മുനിസിപ്പൽ അധികാരികൾക്ക് പൊതുസ്ഥലങ്ങൾ സുരക്ഷിതമാക്കാൻ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാമായിരുന്നു. 2001-ൽ ആനിമൽ ബർത്ത് കൺട്രോൾ നിയമങ്ങൾ വന്നു. ഈ നിയമപ്രകാരം മൃഗസംരക്ഷണ സംഘടനകൾ, സ്വകാര്യ വ്യക്തികൾ, പ്രാദേശിക അധികാരികൾ എന്നിവയുടെ പങ്കാളിത്തം വഴി വന്ധ്യംകരണം നടത്തുകയും പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്യണമെന്ന് പറഞ്ഞു.മതിയായ ഫണ്ടിന്റെയും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിന്റെയും പരിണിത ഫലമാണ് ഈ പദ്ധതികളിൽ മുടക്കം ഉണ്ടാകുന്നത്.
© Copyright 2024. All Rights Reserved