ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ചൈനയുമായി ചർച്ച നടത്തി ഇന്ത്യ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി സംസാരിച്ചു. അതിർത്തിയെ സാഹചര്യവും ആക്രമണത്തിൻ്റെ വിശദാംശങ്ങളും ചർച്ചയായെന്നാണ് വിവരം. അമിത് ഷാ പാകിസ്ഥാനുമായും നേപ്പാളുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അടിയന്തിര സാഹചര്യം ചർച്ച ചെയ്യുന്നുണ്ട്. നേരത്തെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി കേന്ദ്ര സർക്കാർ ബന്ധപ്പെടുകയും ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.
അതിർത്തി കടന്നുള്ള ആക്രമണമായതിനാൽ തന്നെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പാക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അത് കൂടി കണക്കിലെടുത്താണ് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഐഎംഎഫ് പാകിസ്ഥാന് നൽകുന്ന വായ്‌പ സംബന്ധിച്ച നിർണായക യോഗം നടക്കുന്നതിൻ്റെ തലേരാത്രി നടന്ന ഓപ്പറേഷൻ സിന്ദൂർ പാക് സർക്കാരിന് വലിയ തലവേദനയായി മാറിയിരുന്നു. പാകിസ്ഥാൻ ചൈനയെ കൂട്ടുപിടിച്ച് മുന്നോട്ട് പോകാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചത്.
© Copyright 2025. All Rights Reserved