ലോകമെമ്പാടും തരംഗം സൃഷ്ടിച്ച ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹെയ്‍മറിലൂടെ ഹോളിവുഡ് അതിൻ്റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നിനാണ് കഴിഞ്ഞവർഷം പിറവികൊടുത്തത്. "മാസ്റ്റർപീസ്" എന്ന് നിരവധിപ്പേർ വിശേഷിപ്പിക്കുന്ന ഈ ചിത്രം നിലവിൽ വരാനിരിക്കുന്ന അക്കാദമി അവാർഡുകളിൽ ഏറ്റവും മികച്ച മത്സരാർത്ഥിയാണ്.
അണുബോംബ് സ്രഷ്ടാവായ ജെ. റോബർട്ട് ഓപ്പൺഹെയ്‍മറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ചിത്രം ഇതിനോടകം ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് എന്നിവയുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ചിത്രം റിലീസ് ചെയ്ത് മാസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചിത്രത്തിന് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
എന്നാൽ, ഇപ്പോൾ ആറ്റോമിക് സ്ഫോടനം കാണിക്കുന്ന സിനിമയിൽ നിന്നും അതിൻ്റെ ആകർഷകമായ വിഎഫ്എക്‌സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിച്ച ഒരു കാപ്പിയുണ്ടാക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. കണ്ടന്റ് ക്രിയേറ്റർ ക്യുക് ഷിയോ ആണ് അമ്പരപ്പിക്കുന്ന ഈ സൃഷ്ടിക്ക് പിന്നിൽ. 'ഓപ്പൺഹെയ്‍മർ കോഫി' എന്നാണ് അദ്ദേഹം തന്റെ കാപ്പിക്ക് നൽകിയിരിക്കുന്ന പേര് തന്നെ. ഏറെ ആകർഷകമായ മറ്റൊന്ന് കോഫി ബ്രൂവിംഗ് വീഡിയോയും സൗണ്ട് ഇഫക്റ്റുകളുമാണ്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന അതേ ഇഫക്‌റ്റുകളും ലുഡ്‌വിഗ് ഗൊറാൻസൻ്റെ സംഗീതവും ആണ് വീഡിയോയുടെ പശ്ചാത്തല സംഗീതമായും ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയിൽ കമ്പ്യൂട്ടർ നിർമ്മിത ചിത്രങ്ങൾ ഒന്നുമില്ലെന്നും താൻ സ്വന്തമായി ചിത്രീകരിച്ച ദൃശ്യങ്ങൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ക്യുക് ഷിയോ വീഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ പറയുന്നത്. അഞ്ച് ദിവസം കൊണ്ടാണ് ചിത്രീകരണവും എഡിറ്റിങ്ങും പൂർത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു. സിനിമ പോലെ തന്നെ ക്യുക് ഷിയോയുടെ 'ഓപ്പൺഹെയ്‍മർ കോഫി'യും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
© Copyright 2024. All Rights Reserved