ഓസ്ട്രേലിയയ്ക്കെതിരെ 21ന് ആരംഭിക്കുന്ന 3 ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം ആണ്. എന്നാൽ സ്പിന്നർ ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തി
മൂന്നാം ഏകദിനത്തിൽ രോഹിത് ഉൾപ്പെടെയുള്ള സീനിയർ താരങ്ങളുണ്ടാകും. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ അക്ഷർ പട്ടേലിനെ മൂന്നാം ഏകദിനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ നിറംമങ്ങിയ ബാറ്റർ സൂര്യകുമാർ യാദവിനെയും ടീമിൽ നിലനിർത്തി. മൊഹാലിയിലാണ് ആദ്യ മത്സരം. 24ന് ഇൻഡോർ, 27ന് രാജ്കോട്ട് എന്നിവിടങ്ങളിലാണ് മറ്റുള്ളവ. എല്ലാ മേഖലകളിലും ആധിപത്യം പുലർത്തി ഏഷ്യാ കപ്പ് ജേതാക്കളായെങ്കിലും ഓസ്ട്രേലിയൻ പരമ്പര കൂടി ജയിച്ചാൽ മാത്രമേ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങൾ പൂർണമാകൂ.
ലോകകപ്പിനുള്ള അതേ ടീമുമായാണ് ഓസ്ട്രേലിയ എത്തുന്നത്. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, മാർനസ് ലബുഷെയ്ൻ, അലക്സ് ക്യാരി തുടങ്ങി ഓസ്ട്രേലിയൻ ബാറ്റർമാരെല്ലാം മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കയിൽ 5 മത്സര പരമ്പര നഷ്ടപ്പെടുത്തിയ ശേഷമാണ് ഓസീസ് ഇന്ത്യയിലേക്കു വരുന്നത്. ഒക്ടോബർ 8ന് ചെന്നൈയിലാണ് ലോകകപ്പിലെ ഇന്ത്യ– ഓസ്ട്രേലിയ പോരാട്ടം.
© Copyright 2023. All Rights Reserved