ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കേസിൽ പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്കുമെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി.
അഴിമതിക്കേസിൽ 3 വർഷം ജയിൽശിക്ഷ വിധിക്കപ്പെട്ട് റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇവരെ ജയിലിൽ ക്രമീകരിച്ച കോടതിയിൽ ജഡ്‌ജി കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ഇരുവരും കുറ്റം നിഷേധിച്ചു. ഇതു രണ്ടാം തവണയാണ് ഈ കേസിൽ ഇവർക്കെതിരെ കുറ്റം ചുമത്തുന്നത്.
ഒക്ടോബർ 23ന് കുറ്റം ചുമത്തിയത് നടപടിക്രമങ്ങളിലെ വീഴ്‌ച മൂലം ഇസ്‌ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. യുഎസിലെ പാക്ക് അംബാസഡർ കഴിഞ്ഞ വർഷം അയച്ച ഔദ്യോഗിക സന്ദേശം പ്രധാനമന്ത്രിസ്ഥഥാനത്തു നിന്നു പുറത്താകുന്നതിനു തൊട്ടുമുൻപ് പാർട്ടി റാലിയിൽ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസാണിത്. തെളിയിക്കപ്പെട്ടാൽ 14 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഫെബ്രുവരിയിലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഇമ്രാൻ്റെ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തുന്ന നീക്കമാണിത്.
© Copyright 2024. All Rights Reserved