നോർത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടിൽ അതിശക്തമായ മഴ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നീരീക്ഷകർ. വെള്ളപ്പൊക്കത്തിനും, മണ്ണിടിച്ചിലിനും വരെ കാരണമാകുന്ന തോതിൽ മഴ പെയ്യുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതേത്തുടർന്ന് തിങ്കളാഴ്ച രാവിലെ വരെ ഹൈലാൻഡ്‌സ്, ആർഗിൽ & ബൂട്ട്, സ്റ്റിർലിംഗ് & പെർത്ത്, കിന്റോസ് എന്നിവിടങ്ങളിലായി ആംബർ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.
കാലാവസ്ഥ സാരമായി ബാധിക്കുന്ന മേഖലകളിൽ ഒരു ദിവസത്തിൽ ഒരു മാസത്തെ മഴയാണ് നേരിടേണ്ടി വരുന്നതെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പവർകട്ടിന് സാധ്യത കൽപ്പിക്കുന്നതിന് പുറമെ ഡ്രൈവിംഗ് സാഹചര്യങ്ങൾ ബുദ്ധിമുട്ടേറിയതായി മാറും. വേഗത്തിൽ, ആഴത്തിലുള്ള വെള്ളക്കെട്ടിന് സാഹചര്യം നിലനിൽക്കുന്നു. ഇത് ജീവഹാനി വരെ സൃഷ്ടിച്ചേക്കാം, ഏജൻസി മുന്നറിയിപ്പ് നൽകി.
ഈ മേഖലകളിൽ യാത്ര ചെയ്യുന്നവർ മുൻകൂട്ടി പ്ലാൻ ചെയ്യാനും നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു. വീക്കെൻഡ് സമയങ്ങളിൽ ക്യാൻസലേഷനുകൾ നേരിടുമെന്ന് ഫെറി ഓപ്പറേറ്റർ കാൽമാക് പ്രഖ്യാപിച്ചു.
സ്‌കോട്ട്‌റെയിലും ചില സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കാനാണ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ ഡ്രൈവ് ചെയ്യരുതെന്ന് സ്‌കോട്ടിഷ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി ഫ്‌ളഡ് ഡ്യൂട്ടി മാനേജർ ഡേവിഡ് സ്‌കോട്ട് ആവശ്യപ്പെട്ടു.
© Copyright 2024. All Rights Reserved