: കേരള തീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടലാക്രമണത്തിന് കാരണം തെക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദ്ദമെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം. തെക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഒരാഴ്ച മുൻപാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ ന്യൂനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേയ്ക്ക് നീങ്ങിയതാണ് കേരള തീരത്ത് ഉയർന്ന തിരമാലകൾ സൃഷ്ടിക്കാൻ കാരണമെന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
-------------------aud--------------------------------fcf308
ന്യൂനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങിയതിന്റെ ഫലമായി കേരള തീരത്ത് പല ഭാഗങ്ങളിലും 11 മീറ്റർ വരെ പൊക്കത്തിൽ ഉയർന്ന തിരമാലകൾ രൂപപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതാണ് കേരള തീരത്തിന്റെ പല ഭാഗങ്ങളിലും കടലാക്രമണത്തിലേക്ക് നയിച്ചത്. കേരള തീരത്തും ലക്ഷദ്വീപിലും മാർച്ച് 31ന് രാവിലെയാണ് ഉയർന്ന തിരമാലകൾ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും ഈ പ്രതിഭാസം കാണാൻ സാധ്യതയുണ്ട്. തുടർന്ന് ദുർബലമാകുമെന്നാണ് പ്രതീക്ഷയെന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ പ്രസ്താവനയിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസം ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ) ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും തുടരാനും സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായി ചില പ്രത്യേക സമയങ്ങളിൽ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായാണ് കള്ളക്കടൽ പ്രതിഭാസം ഉണ്ടാവുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായി ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ സ്വാധീനഫലമായി ഉയർന്ന തിരകൾ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ച് ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ എത്തുകയുമാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാവാതെ പെട്ടെന്ന് തന്നെ ഉണ്ടാവുന്നതാണ് കള്ളക്കടൽ പ്രതിഭാസത്തിന്റെ പ്രത്യേകത. ലക്ഷണങ്ങൾ കാണിക്കാതെ തിരകൾ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ 'കള്ളക്കടൽ' എന്ന് വിളിക്കുന്നത്. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയാനും/കയറാനും കാരണമാവുന്നു എന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം വിശദീകരിച്ചു. കഴിഞ്ഞ ദിവസം കേരള തീരത്ത് ഉണ്ടായ കടലാക്രമണത്തിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. റോഡുകൾക്കും ബോട്ടുകൾക്കും കേടുപാടുകൾ സംഭവിക്കുന്നതിനും ഇത് കാരണമായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ കടൽ തീരങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടത്. കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കടൽ തീരങ്ങളിൽ ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെയ്ക്കാനും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം നിർദേശിച്ചു.
.
© Copyright 2024. All Rights Reserved