2 മാസത്തെ മൗനത്തിനൊടുവിൽ, കാണാതായ പ്രതിരോധമന്ത്രി ജനറൽ ലി ഷങ്ഫുവിനെ പുറത്താക്കിയതായി ചൈന പ്രഖ്യാപിച്ചു. ധനമന്ത്രി ലിയു കുൻ, ശാസ്ത്ര–സാങ്കേതിക മന്ത്രി വാങ് സിഗാങ് എന്നിവരെയും മാറ്റിയതായാണ് ഔദ്യോഗിക അറിയിപ്പ്. നേരത്തേ വിദേശകാര്യമന്ത്രി കിൻ ഗാങ്ങിനെ പുറത്താക്കിയിരുന്നു. ഇദ്ദേഹത്തെക്കുറിച്ചും നിലവിൽ വിവരമില്ല. ചൈനീസ് മിലിട്ടറിയുടെ പ്രാദേശിക സുരക്ഷാ ഫോറത്തെപ്പറ്റി ചർച്ചചെയ്യാൻ യുഎസ് സൈനിക പ്രതിനിധി ബെയ്ജിങ്ങിൽ എത്തുന്നതിനു തൊട്ടുമുൻപാണു ലി ഷങ്ഫുവിനെ പുറത്താക്കിയതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്.പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വിശ്വസ്തരെന്നു കരുതപ്പെട്ടവരായിരുന്നു കാണാതായ കിൻ ഗാങ്ങും ജനറൽ ലിയും. മന്ത്രിമാരെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ചൈനീസ് സൈന്യത്തിൽ ലഫ്റ്റനന്റ് ജനറൽ പദവിയുണ്ടായിരുന്ന ലി ഷങ്ഫു ഒരു ദശാബ്ദത്തോളം ചൈനീസ് ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന്റെ മേധാവിയായിരുന്നു. സൈന്യത്തിലെ റോക്കറ്റ് വിഭാഗത്തിലെ അഴിമതി സംബന്ധിച്ച അന്വേഷണം ആരംഭിച്ചതിനു ശേഷമാണ് കഴിഞ്ഞ ഓഗസ്റ്റ് 29നു ശേഷം അദ്ദേഹത്തെ കാണാതായത്. ഹോങ്കോങ് ആസ്ഥാനമായ ഒരു ചൈനീസ് ടിവി റിപ്പോർട്ടറുമായുള്ള ബന്ധമാണ് കിന്നിന് വിനയായതെന്ന് കരുതപ്പെടുന്നു.
© Copyright 2023. All Rights Reserved