കലിഫോർണിയ കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ കോടതി വെറുതെവിട്ടു. കഞ്ചാവ് ഉപയോഗത്തെ തുടർന്ന് യുവതിക്ക് മനോനിയന്ത്രണം നഷ്ടമായിരുന്നതായും തൻ്റെ പ്രവൃത്തിയെ കുറിച്ച് യുവതി ബോധവതിയായിരുന്നില്ലെന്നും ജഡ്‌ജി ചുണ്ടിക്കാട്ടി. യുഎസിലെ കലിഫോർണിയയിലാണ് സംഭവം.
2018 മേയ് 27 രാത്രിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ലഹരിക്കടിമയായ ബ്രയിൻ സ്പെഷറാണ് കാമുകൻ ചാഡ് ഒ മിലിയയെ കൊലപ്പെടുത്തിയത്. രണ്ടുവർഷത്തെ നല്ലനടപ്പിനും നൂറുമണിക്കൂർ സന്നദ്ധപ്രവർത്തനത്തിലേർപ്പെടാനും കോടതി ശിക്ഷവിധിച്ചു. "ബ്രയിൻ സ്പെഷറിന് ലഹരി ഉപയോഗത്തിലൂടെ നിയന്ത്രണം നഷ്ട്‌ടപ്പെട്ടിരുന്നു. മനോനില തെറ്റിയതിനെ തുടർന്നാണ് ചാഡ് ഒ മിലിയയെ യുവതി കൊലപ്പെടുത്തിയത്."- ശിക്ഷ വിധിച്ചുകൊണ്ട് ജഡ്‌ജി ഡേവിഡ് വാർലേ വ്യക്‌തമാക്കി. ചാഡ് ഒ മിലിയയുടെ അപ്പാർട്‌മെന്റ്റിൽ വച്ചാണ് ബ്രയിൻ കാമുകനെ കൊലപ്പെടുത്തിയത്. ഇവർ ഒരുമിച്ച് കഞ്ചാവ് വലിച്ചിരുന്നു. തുടർന്ന് യുവതിക്ക് സ്വബോധം നഷ്‌ടമായി. ഏകദേശം 108 തവണ യുവതി കാമുകനെ കുത്തിയതായാണ് കണ്ടെത്തിയത്. ബ്രയിൻ സ്വയം കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്കുമുൻപാണ് ഇരുവരും പരിചയപ്പെട്ടത്. കാമുകൻ്റെ മൃതദേഹത്തിനടത്തു തന്നെ പരുക്കേറ്റ നിലയിലാണ് ബ്രയിനെ കണ്ടെത്തിയത്. കയ്യിൽ കത്തിയും ഉണ്ടായിരുന്നു. പൊലീസ് എത്തിയപ്പോൾ കത്തി സ്വന്തം കഴുത്തിൽ വച്ച് ബ്രയിൻ മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലഹരി ഉപയോഗത്തിലൂടെ സ്വബോധം നഷ്ടമായതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കോടതിയിൽ സ്പെഷറുടെ അഭിഭാഷകൻ വാദിച്ചത്. പ്രതിഭാഗത്തിന്റെ വാദം ശരിവച്ച കോടതി യുവതിയെ വെറുതെ വിട്ടു.
© Copyright 2024. All Rights Reserved