ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ക്രൂരയായ സീരിയൽ കില്ലർ എന്ന് അറിയപ്പെടുന്ന ലൂസി ലെറ്റ്ബി എന്ന ബ്രിട്ടീഷ് നഴ്‌സിന്റെ സഹപ്രവർത്തകരുടെ പേരുവിവരങ്ങൾ പുറത്ത് വിടണമെന്ന് നിയമ വിദഗ്ധർ. 2015 നും 2016 നും ഇടയിലായി ബ്രിട്ടനിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ പ്രസവിച്ചുവീണതിന് പിന്നാലെ ഏഴ് കുട്ടികളെ കൊലപ്പെടുത്തുകയും ആറുകുട്ടികളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ ആണ് നഴ്സായ ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്നും കോടതി വിധിച്ചത് .ജീവിതകാലം മുഴുവൻ തടവ് ശിക്ഷയാണ് കോടതി അവർക്ക് വിധിച്ചിരിക്കുന്നത്.
നവജാത ശിശുക്കളെ കൊന്ന കേസിൽ ശിക്ഷയനുഭവിക്കുന്ന കില്ലർ നഴ്സ് ലൂസി ലെറ്റ്ബിയുടെ സഹപ്രവർത്തകരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പേര് വെളിപ്പെടുത്തരുത് എന്ന തീരുമാനം തികഞ്ഞ ഭീരുത്വമാണെന്ന് ആരോപിച്ച് നിയമ വിദഗ്ധർ രംഗത്തെത്തി. ഏഴ് നവജാതശിശുക്കളെ കൊല്ലുകയും മറ്റ് ആറു കുട്ടികളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കുറ്റത്തിനാള് ലെറ്റ്ബി ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നത്.
കേസ് വിചാരണ നടക്കുന്നതിനിടയിലായിരുന്നു ഇവർക്ക് ഒപ്പം ജോലി ചെയ്ത സഹപ്രവർത്തകരുടെ പേരുവിവരങ്ങൾ പുറത്ത് വിടരുതെന്ന ഒരു ഉത്തരവ് ഉണ്ടായത്. അവരുടെ സ്വകാര്യത സംരക്ഷിക്കുവാനാണ് ഈ നടപടി എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ, ലെറ്റ്ബി യുടെ കുറ്റകൃത്യങ്ങൾ നടന്ന കാലഘട്ടത്തിലെ ആശുപത്രിയുടെ പ്രവർത്തനം വിലയിരുത്തുന്നതിനും അത് ആരോഗ്യ മേഖലയെ എങ്ങനെ ബാധിച്ചു എന്ന് അറിയുന്നതിനുമായി ഒരു അന്വേഷണം നടത്തുന്നുണ്ട്. അതിനു മുൻപായി ലെറ്റ്ബിയുടെ സഹപ്രവർത്തകരുടെ പേരുവിവരങ്ങൾ പുറത്ത് വിടണം എന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
പോലീസുകാരെയും രാഷ്ട്രീയ നേതാക്കളേയും പോലെ ഡൊക്ടർമാരും നഴ്സുമാരും സമൂഹത്തോട് ഉത്തരവാദിത്തമുള്ളവരാണെന്നും, തങ്ങളുടെ പ്രവൃത്തികൾക്ക് വിശദീകരണം നൽകാൻ ബാദ്ധ്യതയുള്ളവരുമാണെന്നാണ് പ്രമുഖ ബാരിസ്റ്റർ ജെഫ്രി റോബർട്ട്സൺ സൺ ദിനപത്രത്തിനോട് പറഞ്ഞത്. അജ്ഞാതർ എന്ന ഒരു തിരശ്ശീലക്ക് പുറകിൽ മറഞ്ഞു നിൽക്കാൻ അവർക്ക് ആവില്ല എന്നും അദ്ദേഹം പറഞ്ഞു.
ലെറ്റ്ബിയുടെ സഹപ്രവർത്തകരുടെ പേര് വെളിപ്പെടുത്താത്തത് കേവലം ഭീരുത്വമാണെന്ന് പറഞ്ഞ അദ്ദേഹം അത്, പൊതുജനതാത്പര്യത്തിന് വിരുദ്ധമാണെന്നും പറഞ്ഞു. ലോകത്തിലെ തന്നെ മഹത്തരമായ നീതിന്യായ വ്യവസ്ഥകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ബ്രിട്ടീഷ് കോടതികളുടേ അടിസ്ഥാന തത്വം തന്നെ സുതാര്യമായ നീതിനിർവഹണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതേസമയം, സ്വകാര്യത സംരക്ഷിക്കുന്നതിനായി പേര് വിവരങ്ങൾ വെളിപ്പെടുത്താതിനെ പിന്താങ്ങിക്കൊണ്ട് മുൻ ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ക്ലാൻഡ് രംഗത്തെത്തി. സ്വകാര്യത സംരക്ഷിക്കുക എന്നതും സുതാര്യമായ നീതിനിർവഹണവും പരസ്പരം സ്ംതുലനത്തോടെ പോകേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടനിലെ ഏറ്റവും മുതിർന്ന വനിത ജഡ്ജി ആയ ജസ്റ്റിസ് തേൾവാൾ ആണ് ഈ സംഭവത്തിന്റെ തുടരന്വേഷണം നടത്തുക.
ലെറ്റ്ബി കുറ്റകൃത്യങ്ങൾ നടത്തിയ കാലഘട്ടത്തിലെ സഹപ്രവർത്തകരുടെ പ്രവർത്തനങ്ങൾ, അതിന്റെ പ്രത്യാഘാതങ്ങൾ, ഇരകളുടെ രക്ഷിതാക്കളുടെ അനുഭവങ്ങൾ തുടങ്ങിയവയെല്ലാം അന്വേഷണ വിധേയമാക്കും. മാത്രമല്ല എൻ എച്ച് എസ്സിന്റെ പ്രവർത്തന ശൈലി വിശദമായി വിലയിരുത്തി അതിൽ മാറ്റം വരുത്തണമോ എന്ന കാര്യവും പരിഗണിക്കും. വരുന്ന വസന്തകാലത്തായിരിക്കും ഇതിന്റെ പ്രാഥമിക ഹിയറിംഗ്.
© Copyright 2024. All Rights Reserved