ആർ ജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ.
-----------------------------
യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് ഇന്നലെ കൊൽക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. സർക്കാരിനെ വിമർശിച്ച് കൊണ്ടുള്ള പരാമർശവും കോടതി വിധിയിലുണ്ടായിരുന്നു. പെൺകുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീസുരക്ഷയിൽ സർക്കാർ പരാജയമെന്നും ശിക്ഷാവിധിയിൽ കോടതി പറഞ്ഞിരുന്നു.
ആർ ജി കർ ആശുപത്രിയിലെ സംഭവത്തോടെ രാജ്യമാകെ ഡോക്ടർമാർ വലിയ പ്രതിഷേധമുയർത്തിയിരുന്നു. കേസിന്റെ പ്രാരംഭ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ പൊലീസ് പരാജയപ്പെട്ടെന്നുള്ള ഗുരുതര ആക്ഷേപവും ഉയർന്നിരുന്നു. തുടർന്നാണ് കൊൽക്കത്ത ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂർത്തിയാകുമ്പോഴാണ് കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലിൽ തുടരണം. പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. അതേസമയം കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന സിബിഐ വാദം കോടതി നിരാകരിച്ചിരുന്നു. പ്രതിക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ശിക്ഷാ വിധിയിൽ ചൂണ്ടിക്കാണിച്ചു. 17 ലക്ഷം രൂപ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം നഷ്ടപരിഹാരമായി വിധിച്ച 17 ലക്ഷം രൂപ വേണ്ടെന്ന് കുടുംബം പറഞ്ഞു. കൊൽക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
2024 ആഗസ്റ്റ് ഒൻപതാം തീയതിയാണ് ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ നാലുമണിയോടെ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു. നാൽപത് മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാൾ പുറത്തുപോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച ഇയാൾ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
© Copyright 2024. All Rights Reserved