കുവൈത്തിനെ അവരുടെ മൈതാനത്ത് വീഴ്ത്തിയ ഇന്ത്യയ്ക്ക് ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഉജ്വലതുടക്കം. അർദിയയിലെ ജാബർ അൽ അഹമ്മദ് സ്റ്റേഡിയത്തിൽ 1-0നാണ് ഇന്ത്യയുടെ ജയം. 75-ാം മിനിറ്റിൽ മൻവീർ സിങ്ങാണ് ഗോൾ നേടിയത്. ജയത്തോടെ ഏഷ്യൻ യോഗ്യത രണ്ടാം റൗണ്ടിലെ എ ഗ്രൂപ്പിൽ ഇന്ത്യ 2-ാം സ്ഥാനത്തെത്തി. അഫ്ഗാനിസ്ഥാനെ 8-1നു തോൽപിച്ച ഖത്തറാണ് ഗോൾവ്യത്യാസത്തിൽ ഒന്നാമത്. 21ന് ഖത്തറിനെതിരെ ഭുവനേശ്വറിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക.
ആതിഥേയർക്കെതിരെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. 19-ാം മിനിറ്റിൽ നിഖിൽ പൂജാരി നൽകിയ ക്രോസിൽ നിന്നുള്ള സുനിൽ ഛേത്രിയുടെ ഷോട്ട് ഗോൾ വലയുടെ മുകളിലാണ് ചെന്നുവീണത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സമാനമായ രീതിയിൽ ഒരു ഗോളവസരം കുവൈത്തിനും നഷ്ടമായി. നിരന്തര മുന്നേറ്റങ്ങൾക്കൊടുവിൽ 75-ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന ഗോൾ. കുവൈത്ത് ഡിഫൻഡറെ വെട്ടിച്ചു മുന്നേറിയ ലാലിയൻസുവാല ഛാങ്തെ നൽകിയ ക്രോസ് ഫസ്റ്റ് ടച്ച് ഷോട്ടിലൂടെ മൻവീർ ഗോളിലേക്കു വിട്ടു. ലീഡ് നേടിയതിനു ശേഷവും പ്രതിരോധത്തിലക്കു വലിയാതെ ഇന്ത്യ കളിച്ചതോടെ കുവൈത്ത് സമ്മർദത്തിലായി. ഇൻജറി ടൈമിൽ അൽ ഹർബി ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ അവരുടെ പ്രതീക്ഷ അവസാനിച്ചു.
© Copyright 2024. All Rights Reserved